ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്- ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊടുവളളി പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.
കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജൗഹര്‍ മുനവര്‍ രണ്ടാഴ്ചത്തെ അവധിയിലാണ്. ഈ മാസം28 വരെയാണ് കോളേജില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചത്. അധ്യാപകന്‍ യു.ജി.സി ചട്ടങ്ങങ്ങള്‍ ലംഘിച്ചു എന്ന് കാട്ടി കോളേജ് വിദ്യാര്‍ഥികള്‍ യു.ജി.സിക്കും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, ഫാറൂഖ് കോളേജിലെ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കുന്ന അന്വേഷണ കമ്മിറ്റിയുടെ തെളിവെടുപ്പ് ഇന്നലെയും തുടര്‍ന്നു. 16 വിദ്യാര്‍ഥികളാണ് ഇന്നലെ തെളിവെടുപ്പിനായി കമ്മിറ്റിയുടെ മുന്‍പില്‍ ഹാജരായത്. ഇനിയും കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഭവത്തെപ്പറ്റി മൊഴി നല്‍കുവാന്‍ സന്നദ്ധരായിട്ടുണ്ട്. ഇന്നും സിറ്റിംഗ് തുടരും. വിദ്യാര്‍ഥികളുടെ സിറ്റിംഗിന് ശേഷം അനധ്യാപകരുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നും തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ശേഷം കോളേജ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്.
 

Latest News