കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരോടും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
പോലീസ് ക്ലബ്ബില്‍ എത്താനായിരുന്നു കാവ്യയോട് അന്വേഷണ സംഘം നിര്‍ദേശിച്ചത്. എന്നാല്‍, വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. തുടര്‍ന്ന് ചോദ്യംചെയ്യലിന്റെ കാര്യത്തില്‍ അവ്യക്തത ഉണ്ടായി. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേരുകയും നിയമോപദേശം തേടാന്‍ തീരുമാനിക്കുകയുമായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്.