- തൊഴിൽ രഹിതരായ കുടുംബിനികൾക്കും അപേക്ഷിക്കാം
ജിദ്ദ- അപേക്ഷകരുടെ ക്ഷാമം മൂലം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗമാകാൻ രക്ഷിതാക്കളിൽ നിന്ന് വീണ്ടും അപേക്ഷ ക്ഷണിച്ചു. രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് അപേക്ഷ ക്ഷണിച്ചുകൊണ്ട് സ്‌കൂൾ പ്രിൻസിപ്പൽ സർക്കുലർ ഇറക്കുന്നത്.
രക്ഷിതാക്കളായുള്ള തൊഴിൽ രഹിതരായ കുടുംബിനികൾക്കും അപേക്ഷിക്കാമെന്ന പ്രത്യേകത ഇത്തവണത്തെ സർക്കുലറിനുണ്ട്. തൊഴിൽ രഹിതരായ കുടുംബിനികളെ അപേക്ഷകരായി പരിഗണിക്കുന്നത് ഇതാദ്യമാണ്. തൊഴിലുള്ള രക്ഷിതാക്കൾ അപേക്ഷ നൽകാൻ വിമുഖത കാണിക്കുന്നത് കണക്കിലെടുത്താണ് തൊഴിൽ രഹിതരായ വിദ്യാസമ്പന്നരായ വീട്ടമ്മമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളാക്കുന്നത് പരിഗണിക്കാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുള്ളത്.
മുൻ കാലങ്ങളിൽ മാനേജിംഗ് കമ്മിറ്റി അംഗമാകാൻ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചാൽ നിരവധി പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടന്നിരുന്ന വേളയിൽ അപേക്ഷകരുടെ എണ്ണം കുറക്കുന്നതിന് അപേക്ഷയിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് പലരുടേയും അപേക്ഷകൾ നിരസിക്കലായിരുന്നു പതിവ്. മതിയായ യോഗ്യതയുണ്ടായിരുന്നിട്ടും തങ്ങളെ മത്സരിക്കാൻ അനുവദിച്ചില്ലെന്ന പരാതികൾ പോലും രക്ഷിതാക്കളിൽ നിന്ന് അക്കാലത്ത് ഉയർന്നിരുന്നു.
നാമനിർദേശ സമ്പ്രദായം നിലവിൽ വന്ന ആദ്യ വേളകളിലും സ്‌കൂൾ പറയുന്ന മുഴുവൻ യോഗ്യതകളുമുള്ള കഴിവുറ്റ നിരവധി രക്ഷിതാക്കൾ അപേക്ഷകരായി വന്നിരുന്നു. എന്നാൽ പിന്നീട് അപേക്ഷകരുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. ഇക്കുറി വേണ്ടത്ര അപേക്ഷകരില്ലാതെ വന്നതോടെയാണ് വീണ്ടും വീണ്ടും അപേക്ഷ ക്ഷണിക്കാനും കുടുംബിനികളായ രക്ഷിതാക്കളെ കൂടി പരിഗണിക്കാനും സ്‌കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.
സ്‌കൂൾ മാനേജിംഗ് കമ്മിറ്റികളുടെ സ്വതന്ത്ര പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ വന്നതോടെയാണ് എം.സി അംഗങ്ങളാകുന്നതിനോട് രക്ഷിതാക്കൾക്ക് വിമുഖത ഉണ്ടാവാൻ തുടങ്ങിയത്. ഓരോ സ്‌കൂളിന്റെയും മാനേജിംഗ് കമ്മിറ്റികൾക്കാണ് അതാതു സ്‌കൂളിന്റെ പ്രവർത്തനത്തെക്കുറിച്ച് നന്നായറിയുന്നത്. അതിനനുസൃതമായ തീരുമാനങ്ങൾ എടുത്താൽ അതു പ്രാവർത്തികമാക്കാൻ പലപ്പോഴും കഴിയാറില്ല. ഏതു തീരുമാനങ്ങൾക്കും മുകളിൽ നിന്നുള്ള ഉത്തരവ് ഇപ്പോൾ അനിവാര്യമാണ്. അതിനുണ്ടാകുന്ന കാലതാമസം, കമ്മിറ്റി ഐകകണ്‌ഠ്യേന എടുത്ത തീരുമാനങ്ങളായാലും അതിനു വിരുദ്ധമായ ഉത്തരവുകൾ മുകളിൽ നിന്ന് കെട്ടിയിറക്കൽ, അംഗങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാതെ പോവൽ, ഇതൊക്കെയായതോടെ ഒട്ടേറെ പ്രതീക്ഷകളും കാഴ്ചപ്പാടുകളുമായി എം.സി അംഗങ്ങളായവർ പോലും മനംമടുത്ത് ഇടക്കുവെച്ച് രാജിവെച്ചു പോവുകയോ, അതല്ലെങ്കിൽ എങ്ങനെയെങ്കിലും കാലാവധി പൂർത്തിയാക്കി രക്ഷപ്പെടുകയോ ആണ് ചെയ്യുന്നത്.
ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ എന്തിനു സമയം പാഴാക്കണമെന്നാണ് പല രക്ഷിതാക്കളും ചോദിക്കുന്നത്. ഈ മനംമടുപ്പാണ് കഴിവും യോഗ്യതകളും ഉള്ള നിരവധി രക്ഷിതാക്കളുണ്ടായിരുന്നിട്ടും പലരേയും പിന്നോട്ടടുപ്പിക്കുന്നത്. മുൻ കാലങ്ങളിൽ അപേക്ഷകരാവണമെങ്കിൽ പ്രൊഫഷണൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ വേണ്ടിയിരുന്നു. ഇപ്പോൾ അപേക്ഷ നൽകാൻ ബിരുദം മാത്രം മതി. എന്നിട്ടും അപേക്ഷകരില്ലെന്നത് എം.സി അംഗങ്ങളാകുന്നതിനോടുള്ള രക്ഷിതാക്കളുടെ താൽപര്യക്കുറവാണ് കാണിക്കുന്നത്.
പുരുഷന്മാരായ അപേക്ഷകരാണെങ്കിൽ അവർക്ക് അംഗീകൃത സ്ഥാപനത്തിൽ ജോലി ഉണ്ടായിരിക്കുകയും എണ്ണായിരം റിയാലിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കുകയും വേണം. സ്‌പോൺസറുടെ അനുമതിയും സമ്പാദിച്ചിരിക്കണം. ഇഖാമയിൽ പറയുന്ന അതേ ജോലി തന്നെ നിർവഹിക്കുന്ന ആളുമായിരിക്കണം. എന്നാൽ തൊഴിൽ രഹിതരായ വീട്ടമ്മമാരായ അപേക്ഷകർക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. ഇതിൽനിന്നെല്ലാം അവർക്ക് ഇളവ് നൽകിയിട്ടുമുണ്ട്.
11 ൽ താഴെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവായിരിക്കണം, ഇന്ത്യൻ പൗരനായിരിക്കണം തുടങ്ങിയ പൊതു നിബന്ധനകൾ എല്ലാവർക്കും ബാധകമാണ്. ഏഴു പേരെയാണ് മാനേജിംഗ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യുന്നത്. നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്.