സിഡ്‌നി - ഇന്ത്യയുടെ എലവേണിൽ വലറിവൻ ജൂനിയർ ലോകകപ്പ് ഷൂട്ടിംഗിന്റെ 10 മീറ്റർ വനിതാ എയർ റൈഫിൽ മത്സരത്തിൽ ലോക റെക്കോർഡോടെ സ്വർണം സ്വന്തമാക്കി. ശ്രേയ അഗർവാൾ, സീന ഖിറ്റ എന്നിവർക്കൊപ്പം ടീം ഇനത്തിലും എലവേണിൽ സ്വർണം നേടി. പതിനെട്ടുകാരി രണ്ടാമത്തെ ലോകകപ്പിലാണ് പങ്കെടുക്കുന്നത്. ഫൈനലിലെത്തുന്നത് ആദ്യവും. യോഗ്യതാ റൗണ്ടിൽ നേടിയ 631.4 പോയന്റാണ് പുതിയ ലോക റെക്കോർഡ്. ഒളിംപിക് മെഡലിസ്റ്റ് ഗഗൻ നാരംഗിന്റെ ഗൺ ഫോർ ഗ്ലോറി അക്കാദമിയിലാണ് എലവേണിൽ പരിശീലനം നടത്തുന്നത്. കഴിഞ്ഞയാഴ്ച ലോക ഷൂട്ടിംഗ് സ്‌പോർട് ചാമ്പ്യൻഷിപ്പിലും ഗുജറാത്തുകാരി മെഡൽ നേടിയിരുന്നു.
വ്യക്തിഗത വിഭാഗത്തിൽ ശ്രേയ ആറാം സ്ഥാനവും സീന ഏഴാം സ്ഥാനവും സ്വന്തമാക്കി. ഇന്ത്യയുടെ അർജുൻ ബബൂത ചാമ്പ്യൻഷിപ്പിൽ തന്റെ രണ്ടാമത്തെ മെഡൽ കരസ്ഥമാക്കി, 10 മീ. എയർ റൈഫിളിൽ വെങ്കലം. സൂര്യപ്രതാപ് സിംഗ് ആറാം സ്ഥാനവും ഷാഹു തുഷാർ മാനെക്ക് എട്ടാം സ്ഥാനവും ലഭിച്ചു. അർജുൻ കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡലുകാരനാണ്.