കൊച്ചി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ എന്‍.സി.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. കെ.വി തോമസിനെ പോലുള്ളവര്‍ക്ക് കടന്നുവരാവുന്ന പാര്‍ട്ടിയാണിതെന്നും എന്‍.സി.പിക്ക് കോണ്‍ഗ്രസ് പാരമ്പര്യമുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു. കെ.വി തോമസിനെതിരെ നടപടിയെടുക്കാന്‍ സെമിനാര്‍ ഒരു കാരണം മാത്രമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാന്‍ഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി.സി ചാക്കോ വിമര്‍ശിച്ചു.
അതേസമയം, ഹൈക്കമാന്‍ഡ് വിലക്കുണ്ടെന്ന് അറിയാതെയാണ് കെ.വി. തോമസിനെ പിന്തുണച്ചതെന്ന് പി.ജെ. കുര്യന്‍ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ ആരും കടക്കാന്‍ പാടില്ല. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സമൂഹമാധ്യമ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട ആളാണ് താന്‍. സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയരുകയാണ്.