Sorry, you need to enable JavaScript to visit this website.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ  അത്യപൂർവ ശസ്ത്രക്രിയ

പത്തനംതിട്ട- പത്ത് ലക്ഷം പേരിൽ വർഷത്തിൽ ഒരാൾക്ക് എന്ന തോതിൽ മാത്രം കാണപ്പെടുന്ന വൻകുടലിന്റെ ഇടതുഭാഗത്തുള്ള വളവിൽ കാണപ്പെടുന്ന ട്യൂമർ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നീക്കം  ചെയ്തു.  ഒന്നര കിലോ തൂക്കം വരുന്ന ന്യൂറോ എൻഡോക്രൈൻ വിഭാഗത്തിൽപ്പെട്ട ഇത് പൂർണമായും നീക്കം ചെയ്യാൻ അര മീറ്റർ നീളത്തിൽ വൻകുടൽ മുറിച്ചുമാറ്റേണ്ടിവന്നു. നിരന്തരമായ വയറുവേദനയും ശോധനക്കുറവും രക്തം പോകുന്നതും മൂലം ബുദ്ധിമുട്ടനുഭവിച്ച കോന്നി സ്വദേശിനിയായ വീട്ടമ്മയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അപൂർവ രോഗമായതിനാൽ വിവിധ പരിശോധനകൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. 
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ആശുപത്രികളിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ആന്തരിക അവയവങ്ങളുമായി ഒട്ടിച്ചേർന്നിരുന്നതിനാലും ദിവസങ്ങളായി ആഹാരം കഴിക്കാൻ കഴിയാതിരുന്നതുമൂലം രോഗിയുടെ ആരോഗ്യനില മോശമായതിനാലും ശസ്ത്രക്രിയ അതിസങ്കീർണമായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദവും വലിയ വ്യതിയാനങ്ങൾ കാണിച്ചുകൊണ്ടിരുന്നതിനാൽ അനസ്തീഷ്യ പ്രയാസമേറിയതായി മാറിയെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രത്യേക ഐസിയു തയാറാക്കിയും ആവശ്യമായ ആധുനിക ഉപകരണങ്ങൾ തിയേറ്ററിൽ വരുത്തിയുമാണ് ഓപ്പറേഷൻ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുമായിരുന്ന ഓപ്പറേഷനാണ് ചുരുങ്ങിയ ചെലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടത്തിയത്. രണ്ടാഴ്ചയോളം ഐസിയുവിൽ കഴിഞ്ഞ രോഗി പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. വിശദമായ ബയോപ്‌സി കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയതിനുശേഷം തുടർ ചികിത്സ നിശ്ചയിക്കുമെന്ന് ഡോ.ജി. വിനു പറഞ്ഞു. 
ജില്ലാ ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ ഡോ.ജി. വിനുവിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ഏഴ് മണിക്കൂർ വേണ്ടിവന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ. ബിനു, ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഡോ. ശ്രീജിത്ത്, സീനിയർ നഴ്‌സ് അംബിക എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ഡോ. വാസുദേവൻ നമ്പൂതിരി, ഡോ. ധന്യ, ഡോ. വിനോദ് ചെറിയാൻ എന്നിവർ അനസ്‌തേഷ്യ നൽകി. 
 

Latest News