ബുറൈദ- അല്‍ഖസീമില്‍ യാചകവൃത്തിയിലേര്‍പ്പെട്ട രണ്ടു വനിതകളും മൂന്നു കുട്ടികളും അടക്കം ഏഴു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. റോഡ് സൈഡില്‍ ഇരുന്ന് രണ്ടു കുട്ടികളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയ വനിതയാണ് ആദ്യം അറസ്റ്റിലായത്. കുട്ടികള്‍ വഴിപോക്കരില്‍നിന്ന് യാചകവൃത്തിയിലൂടെ നേടുന്ന പണം സ്ത്രീക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. പരിശോധനയില്‍ സ്ത്രീയുടെ പക്കല്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ഭീമമായ തുക കണ്ടെത്തി.
അല്‍ഖസീമിലെ മസ്ജിദിനു സമീപം യാചകവൃത്തി നടത്തിയ മറ്റൊരാളും ബാലനും അറസ്റ്റിലായി. ഇരുവരും നുഴഞ്ഞുകയറ്റക്കാരാണ്. അല്‍ഖസീമിലെ എക്‌സ്പ്രസ്‌വേയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ പിഞ്ചുകുഞ്ഞിനെയുമായി യാചകവൃത്തി നടത്തിയ മറ്റൊരു യുവതിയും മസ്ജിദിനു സമീപം ഭിക്ഷാടനത്തിലേര്‍പ്പെട്ട മറ്റൊരാളും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.