മക്ക - വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസത്തിനിടെ ഹറമിന്റെ മുറ്റങ്ങളില്‍ പത്തു ലക്ഷത്തിലേറെ ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. മക്ക ഗവര്‍ണറേറ്റിനു കീഴിലെ സിഖായ കമ്മിറ്റിയുമായി സഹകരിച്ച് സന്നദ്ധ സംഘടനകളാണ് ഇത്രയും ഇഫ്താര്‍ പേക്കറ്റുകള്‍ ഹറമിന്റെ മുറ്റങ്ങളില്‍ വിതരണം ചെയ്തത്. വിശുദ്ധ ഹറമിന്റെ മുറ്റങ്ങളില്‍ ഇഫ്താര്‍ സുപ്രകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഹറംകാര്യ വകുപ്പിലെ മുറ്റംകാര്യ വകുപ്പ് 100 ലേറെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് മുറ്റംകാര്യ വകുപ്പ് മേധാവി മൂസ അല്‍കയാദി പറഞ്ഞു.
ഇഫ്താര്‍ വിതരണത്തില്‍ പങ്കാളിത്തം വഹിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇഫ്താര്‍ വിതരണത്തിന് 8,000 ലേറെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഹറമിന്റെ മുറ്റങ്ങളില്‍ ദിവസേന 1,20,000 ഓളം പേക്കറ്റ് ഇഫ്താറുകളാണ് വിതരണം ചെയ്യുന്നത്. മിനറല്‍ വാട്ടര്‍, ഈത്തപ്പഴം, ജ്യൂസ്, കേക്ക്, അട എന്നിവ അടങ്ങിയ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഹറമിന്റെ മുറ്റങ്ങളില്‍ പതിനായിരത്തോളം ഇഫ്താര്‍ സുപ്രകളാണ് ഒരുക്കുന്നത്. ഇതില്‍ ഓരോ സുപ്രക്കും 12 മീറ്ററോളം നീളമുണ്ടാകും.
ഹറമിന്റെ മുറ്റങ്ങളില്‍ 67 ചാരിറ്റബിള്‍ സൊസൈറ്റികളാണ് ഇഫ്താര്‍ വിതരണം നടത്തുന്നത്.