Sorry, you need to enable JavaScript to visit this website.

രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ല-കോടതി

കൊച്ചി- നടിയെ അക്രമിച്ച കേസിലെ രഹസ്യവിവരങ്ങൾ പുറത്തായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിചാരണകോടതി. സംഭവത്തിൽ അടുത്ത തിങ്കളാഴ്ച എ.ഡി.ജി.പി വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 
കേസിന്റെ തുടന്വേഷണവുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിൽ ബൈജു പൗലോസിനെ കോടതി ഇന്ന് വിളിച്ചുവരുത്തിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി ഉത്തരവാണ് ബൈജു പൗലോസ് ലംഘിച്ചെന്നാണ് പരാതി. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചത് കോടതി ഉദ്യോഗസ്ഥർ വഴിയാണോ എന്നറിയാൻ കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇത് അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തായിയിരുന്നു. ഇതാണ് കേസിന് അടിസ്ഥാനം. 
അതേസമയം, ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് ക്രൈംബ്രാഞ്ച് ആരോപണം. ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ വിചാരണകോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറൻസിക് പരിശോധനാ ഫലങ്ങളും കോടതിയെ ബോധ്യപ്പെടുത്തും. 

Latest News