തിരുവനന്തപുരം- കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ സ്വിഫ്റ്റ് ബസ് സർവീസ് രണ്ടിടത്ത് അപകടത്തിൽ പെട്ടു. തിരുവനന്തപുരത്ത്‌നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മറ്റൊരു ബസുമാണ് അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസാണ് ആദ്യയാത്രയിൽ തിരുവനന്തപുരം കല്ലമ്പലത്ത് അപകടത്തിൽ പെട്ടത്. എതിർദിശയിൽനിന്ന് വന്ന ലോറിയിൽ തട്ടി ബസിന്റെ സൈഡ് മിറർ തകർന്നു. ബസിന്റെ മുൻ ഭാഗത്തിന് നേരിട തകരാർ സംഭവിച്ചു. സമീപത്തെ വർക്ക് ഷോപ്പിൽ കയറ്റി കെ.എസ്.ആർ.ടി.സിയുടെ പഴയ മിറർ ഘടിപ്പിച്ച ശേഷമാണ് ഈ ബസ് യാത്ര തുടർന്നത്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട ബസ് കോട്ടക്കൽ ചങ്കുവെട്ടിയിലാണ് അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനവുമായി ഉരസി ബസിന്റെ സൈഡിലെ പെയിന്റ് പോയി. ഈ ബസും സർവീസ് തുടരുന്നുണ്ട്.
അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ ആരോപിച്ചു. പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടമുണ്ടാകുന്നത് തുടർക്കഥയാണെന്നും ഇതിന് പിന്നിൽ സ്വകാര്യ ബസ് ലോബികളുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.