മലപ്പുറം- അരീക്കോട് വിവാഹത്തലേന് അച്ഛൻ മകളെ കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം പൂവത്തിക്കണ്ടി ആതിര(22)യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആതിരയുടെ അച്ഛൻ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. ആതിരയുടെ വിവാഹം നാളെ കൊയിലാണ്ടിയിലുള്ള പിന്നോക്ക ജാതിയിൽ പെട്ട ഒരാളുമായി നടക്കാനിരിക്കുകയായിരുന്നു. അച്ഛൻ രാജന് ഈ വിവാഹത്തോടെ യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് മധ്യസ്ഥ ശ്രമങ്ങൾക്കൊടുവിലാണ് രാജൻ വിവാഹത്തിന് സമ്മതിച്ചത്. അതിനിടെയാണ് വിവാഹവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായതും ആതിരയെ രാജൻ കൊലപ്പെടുത്തിയതും. തർക്കത്തിനിടെ പ്രകോപിതനായ രാജൻ ആതിരയെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് അടുത്തവീട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആതിരയെ രാജൻ പിറകെയെത്തി കുത്തിക്കൊന്നു. ആതിരയുടെ മൃതദേഹം മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.