തൃശൂര്‍- സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂര്‍ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടില്‍കെ.ജി. സജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സിപിഐഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്.
പീച്ചി പോലീസ് അന്വേഷണം തുടങ്ങി. സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട സജിയുടെ വിയോഗം നാട്ടുകാര്‍ക്കും വലിയ വേദനയാണ്. സജി ആദ്യം സിഐടിയു യൂണിയനിലായിരുന്നു. ബ്രാഞ്ച് സെക്രട്ടറി പാലം പണിയുടെ പേരില്‍ പണം പിരിക്കാറുണ്ടായിരുന്നു. സജി ഉള്‍പ്പടെയുള്ള ചിലര്‍ ഇത് ചോദ്യം ചെയ്തിരുന്നുവെന്നും തുടര്‍ന്നാണ് സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചതെന്നും സജിയുടെ സഹോദരന്‍ പറയുന്നു.ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ യൂണിയന്‍ വസ്ത്രവും ബഹിഷ്‌കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു.