ജിദ്ദ- റോഹിംഗ്യൻ അഭയാർഥികളെ സഹായിക്കുന്നതിനായി എം.ഇ.എസ് ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹകരണത്തോടെ രൂപീകരിച്ച 'എം.ഇ.എസ് സപ്പോർട്ടിംഗ് ഹാന്റ്‌സ്' പദ്ധതി വിജയകരമായി അവസാനിച്ചു. കഴിഞ്ഞ ഒക്‌ടോബറിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഭീമമായ തുകയുടെ സഹായം അഭയാർഥികൾക്ക് എത്തിച്ചു.
ഭക്ഷണം, വസ്ത്രം എന്നിവക്കു പുറമെ കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകളും അറാക്കാനിൽ റോഹിംഗ്യൻസിനായി നിർമിച്ചു. അവിടെ പ്രവർത്തിക്കുന്ന എൻ.ജി.ഒ കളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് പദ്ധതിക്ക് സമാപനം കുറിച്ച് നടത്തിയ അവലോകന യോഗത്തിൽ പദ്ധതി കോർഡിനേറ്റർ പി.വി അഷ്‌റഫ് വെളിപ്പെടുത്തി. പദ്ധതിയുമായി ഒട്ടേറെ സംഘടനകളും വ്യക്തികളും സഹകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ട് ഭീമമായ തുകയുടെ സഹായം അഭയാർഥികൾക്ക് എത്തിക്കാൻ കഴിഞ്ഞത് ഉദാരമതികളുടെ സഹകരണം കൊണ്ടാണെന്നും അവരോടെല്ലാം ഏറെ നന്ദിയുണ്ടെന്നും പദ്ധതിയുടെ നടത്തിപ്പ് വിവരിച്ചുകൊണ്ട് അഷ്‌റഫ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് നേരിട്ട് വിലയിരുത്തുന്നതിനും ശേഷിക്കുന്ന സഹായം എത്തിക്കുന്നതിനുമായി എം.ഇ.എസ് പ്രതിനിധിയെന്ന നിലയിൽ മ്യാന്മറിൽ പോകുന്ന ഖാലിദ് ഇരുമ്പുഴിക്ക് പദ്ധതി പ്രകാരം സ്വരൂപിച്ച തുകയുടെ അവസാന വിഹിതം കൈമാറി.
ഇംപാല ഗാർഡനിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. 'എം.ഇ.എസ് ഹെൽപിംഗ് ഹാന്റ്‌സ്' പ്രവർത്തനം തുടരുമെന്നും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പഠനത്തിൽ കഴിവു തെളിയിച്ച എല്ലാ സമുദായത്തിലുംപെട്ട കുട്ടികൾക്ക് സ്‌കോളർഷിപ് നൽകുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അബ്ദുൽ സലാം അറിയിച്ചു. ഇതിനായി താമസിയാതെ പ്രശസ്തരെ പങ്കെടുപ്പിച്ച് മെഗാഇവെന്റ് ജിദ്ദയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗോപി നെടുങ്ങാടി, സിറാജ്, രാംനാരായണ അയ്യർ, ഒമി നടാനി, ഷിബു തിരുവന്തപുരം, , ഡാനിഷ് ഗഫൂർ, വർഗീസ്, പാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. വി.പി. മുഹമ്മദലി, വി.കെ.എ റഊഫ്, സാക്കിർ ഹുസൈൻ എടവണ്ണ, ബേബി നീലാമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സലാഹ് കാരാടൻ സ്വാഗതവും ട്രഷറർ സലീം മുല്ല വീട്ടിൽ നന്ദിയും പറഞ്ഞു.