സംഘാടനത്തിലും സഹകരണത്തിലും മലയാളി കൂട്ടായ്മകളെ വെല്ലാൻ സൗദി അറേബ്യയിലെ മറ്റൊരു പ്രവാസി സമൂഹത്തിനും കഴിയില്ല. അത് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദയിൽ സമാപിച്ച സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്) ചാമ്പ്യൻസ് ലീഗ്. ഏതു രംഗത്തായിരുന്നാലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുന്ന സാങ്കേതികത്തികവ്, വിമർശിക്കേണ്ടിടങ്ങളിൽ വിമർശിച്ചും സഹകരിക്കാനുള്ള സഹകരണ മനോഭാവം, ഉദാരമനസ്‌കത, ഭാഷാ അതിരുകളില്ലാത്ത സൗഹൃദം, സർവോപരി വ്യത്യസ്ത സംസ്‌കാരങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലമായ മതേതര കാഴ്ചപ്പാട് ഇവയെല്ലാം പ്രവാസി മലയാളികൾക്കു മാത്രം അവകാശപ്പെട്ടതാണ്. എംബസിയായാലും കോൺസുലേറ്റായാലും ഇന്ത്യൻ സമൂഹത്തിന്റെ ഒരു പൊതുപരിപാടി സംഘടിപ്പിക്കാനും അതു വിജയകരമാക്കാനും ആദ്യം സഹായം തേടിയെത്തുക മലയാളി സമൂഹത്തിനടുത്തായിരിക്കും. ഈ മികവ് സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും മലയാളി സമൂഹത്തിന് പ്രത്യേക സ്ഥാനം നേടിയെടുക്കാൻ സഹായിച്ചിട്ടുണ്ട്. സിഫ് ടൂർണമെന്റിനു പിന്നിലെ വിജയത്തിന്റെ രസതന്ത്രവും ഇതുതന്നെ.
ഈ വർഷത്തെ സിഫ് ചാമ്പ്യൻസ് ലീഗ് എല്ലാ അർത്ഥത്തിലും വിജയകരമായിരുന്നു. ഫുട്‌ബോൾ കമ്പക്കാർക്കും കളിക്കാർക്കും മാത്രമായി ഒതുങ്ങേണ്ട ടൂർണമെന്റിനെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. സംഘടനാ വൈരുദ്ധ്യങ്ങൾ മറന്നുള്ള സഹകരണം. സൗദിയിലെ തൊഴിൽ പരിഷ്‌കാരങ്ങളുടെ ഫലമായി പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും മുൻപൊന്നുമില്ലാത്ത വിധം കൈമെയ് മറന്ന് എല്ലാവരും കൈകോർത്തു. മദീന റോഡിലെ വിദ്യാഭ്യാസ വകുപ്പിന്റെ സ്‌റ്റേഡിയം ഇന്നുവരെ കാണാത്തത്ര ജനസഞ്ചയത്തിന് സാക്ഷിയായത് ഈ സഹകരണം കൊണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സമാപന ചടങ്ങുകൾ തീരുംവരെ പാതിരാ കഴിഞ്ഞും കളിയിടത്തിൽ തങ്ങി. തൊഴിൽ നഷ്ട ഭീഷണി, സാമ്പത്തിക ക്ലേശം, ബിസിനസ് രംഗത്തെ തളർച്ച അങ്ങനെ പലവിധ പ്രയാസങ്ങളാൽ ഉഴലുന്നവർക്ക് നാലുമാസക്കാലത്തെ വെള്ളിയാഴ്ചകളിലെ സായാഹ്നങ്ങൾ ഉല്ലാസ പൂത്തിരിയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്. സമാപന ദിവസം പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദനെന്ന സെലിബ്രിറ്റിയുടെ സാന്നിധ്യം കൂടിയായപ്പോൾ അത് അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തിലും ലക്ഷങ്ങൾ ചെലവ് വരുന്ന ഫുട്‌ബോൾ മാമാങ്കം നടത്താനുള്ള സിഫ് ഭാരവാഹികളുടെ സാഹസികതയെ പ്രകീർത്തിക്കേണ്ടതു തന്നെയാണ്. മലയാളി സമൂഹത്തിന്റെ സഹകരണ മനോഭാവവും സ്‌പോൺസർമാരിലുള്ള വിശ്വാസവുമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്.
വെറ്ററൻസ് മത്സരങ്ങൾക്കു പുറമെ എ, ബി, സി, ഡി എന്നീ നാലു ഡിവിഷനുകളിലായി 62 കളികൾ, 32 ക്ലബുകൾ, 750 ഓളം കളിക്കാർ, നൂറോളം വളണ്ടിയർമാർ, പരിചയ സമ്പന്നരായ ടെക്‌നിക്കൽ വിംഗ്, സൗദി അമ്പയർമാർ, പ്രൊഫഷണൽ മെഡിക്കൽ ടീം, ഗ്രൗണ്ടിന്റെ ചുമതലയുള്ള അധികാരികൾ, സെക്യൂരിറ്റി, സ്‌പോൺസർഷിപ്പ്, എല്ലാ ഡിവിഷനിലെയും ജേതാക്കൾക്കും റണ്ണേഴ്‌സിനും പ്രൈസ് മണി, സെലിബ്രറ്റിയുടെ സാന്നിധ്യം,ആയിരക്കണക്കിനു കാണികൾ തുടങ്ങി എല്ലാത്തിന്റെയും ഏകോപനവും അതിനുവേണ്ട സാമ്പത്തിക സ്രോതസും കണ്ടെത്തുക എന്നത് അതിസാഹസികമാണ്. അതിനു സംഘാടകരെ പ്രാപ്തരാക്കിയത് മലയാളി കൂട്ടായ്മയുടെ കരുത്തുതന്നെയാണ്. ടൂർണമെന്റിനു മുൻപായി വളരെ പ്രൊഫഷണലായി നടത്തിയ ഫിക്‌സ്ചർ റിലീസിംഗും ക്ലബുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങളുമെല്ലാം ഇതിന് മുതൽകൂട്ടാവുകയായിരുന്നു.
1995ൽ രൂപപ്പെട്ട സിഫിന്റെ പതിനെട്ടാം ടൂർണമെന്റായിരുന്നുവെങ്കിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഏതാണ്ട് പൂർണമായും സാക്ഷാത്കരിച്ചു കൊണ്ട് നടത്തപ്പെട്ട ടൂർണമെന്റ് ഈ വർഷത്തേതായിരുന്നുവെന്ന് വേണം വിലയിരുത്താൻ. ക്ലബുകൾക്കിടയിലെ കിടമത്സരവും സംഘർഷവും ഒഴിവാക്കി മികച്ച കളി സാധ്യമാക്കാനുള്ള ഏകോപനമാണ് സിഫിലൂടെ ലക്ഷ്യമിട്ടിരുന്നതെങ്കിലും പലപ്പോഴും അതു സാധ്യമായിരുന്നില്ല. എന്നാൽ റെക്കോർഡ് ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയെങ്കിലും ഒരു അലോസരവുമില്ലാതെ നാട്ടിലേതുപോലെ ഇഷ്ട കളിക്കാരെയും ടീമുകളെയും താളംപിടിച്ചും പീപ്പിയൂതിലും ആരവമുയർത്തിയുമെല്ലാം പ്രോത്സാഹിപ്പിച്ചുകൊണ്ടു തന്നെ കളിച്ചും ആസ്വദിച്ചും ടൂർണമെന്റ് പര്യവസാനിച്ചുവെന്നതിൽ മലയാളികളായ നമുക്ക് അഭിമാനിക്കാം. ജിദ്ദയിലെ മലയാളികൾക്കിടയിൽ സിഫിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ എഴുപതോളം ക്ലബുകളുണ്ട്. നൂറു കണക്കിന് ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന പത്തോളം ഫുട്‌ബോൾ അക്കാദമികളുണ്ട്. ഗൾഫുകാരെന്നാൽ തടിച്ചുകൊഴുത്ത് കുടവയറുന്തി അനാരോഗ്യത്തിന്റെ ദൂതരെന്ന കാഴ്ചപ്പാടിനു തന്നെ മാറ്റം വരുത്താൻ ഈ ക്ലബുകളും അക്കാദമികളും ഒരൂപരിധിവരെ സഹായിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലേക്ക് സിഫിന്റെ തണലിൽ പ്രവാസികളുടെ ഫുട്‌ബോൾ കമ്പം വളർത്തിയെടുക്കുന്നതിൽ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ ഒട്ടേറെ പേരുടെ കഠിനാധ്വാനവും വിയർപ്പുമുണ്ട്. ഫുട്‌ബോൾ ക്ലബുകൾക്കും കളിക്കാർക്കും വേണ്ടി ജോലിയും സ്വന്തം സ്ഥാപനവും ധനവുമെല്ലാം നഷ്ടപ്പെടുത്തി വെറുംകൈയോടെ പ്രവാസം അവസാനിപ്പിച്ച് നാടുപിടിക്കേണ്ടി വന്നവരുണ്ട്. ഫുട്‌ബോളിനുവേണ്ടി സമയം ചെലവഴിച്ച് സാമ്പത്തിക ക്ലേശത്താൽ ജീവിത താളം തെറ്റിയവരുമുണ്ട്. അവരെക്കൂടി നാം ഇത്തരുണത്തിൽ അനുസ്മരിക്കേണ്ടതുണ്ട്. ഈ വിജയം അവർക്കുകൂടി അവകാശപ്പെട്ടതാണ്.