കോട്ടയം- വിദേശ കാമ്പസുകളുമായി എം.ജി സര്‍വകലാശാല വീണ്ടും. സ്വദേശത്തും വിദേശത്തുമുണ്ടായിരുന്ന ഓഫ് കാമ്പസുകള്‍ എം.ജി സര്‍വകലാശാല 2015 ല്‍ നിര്‍ത്തലാക്കിയിരുന്നു. ഖത്തറില്‍ കാമ്പസ് തുടങ്ങാനാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പ്രവാസികളുടെയും ഖത്തര്‍ ഭരണകൂടത്തിന്റെയും അഭ്യര്‍ത്ഥന മാനിച്ച് യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് സര്‍വകലാശാല ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. സംസ്ഥാന സര്‍വകലാശാലകളില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയെ കൂടാതെ പുനെ സര്‍വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തര്‍ ഭരണകൂടം പരിഗണിച്ചിട്ടുള്ളതെന്ന് എം.ജി സര്‍വകലാശാല അറിയിച്ചു. ഖത്തറിനു പിന്നാലെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സെന്ററുകള്‍ തുടങ്ങാനാണ് സര്‍വകലാശാല ആലോചിക്കുന്നത്്. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.