Sorry, you need to enable JavaScript to visit this website.

സാഫിര്‍ എണ്ണ ടാങ്കര്‍ ഏതു സമയവും ദുരന്തം വിതച്ചേക്കാവുന്ന ടൈം ബോംബ് - ജി.സി.സി

റിയാദ് - ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണത്തിലുള്ള ജീര്‍ണാവസ്ഥയിലുള്ള സാഫിര്‍ എണ്ണ ടാങ്കര്‍ ഏതു സമയവും ദുരന്തം വിതച്ചേക്കാവുന്ന ടൈം ബോംബ് ആണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് പറഞ്ഞു. അല്‍ഹുദൈദ തുറമുഖത്തിനു സമീപം നിര്‍ത്തിയിട്ട സാഫിര്‍ എണ്ണ ടാങ്കര്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് യെമനിലേക്കുള്ള അമേരിക്കന്‍ ദൂതന്‍ ടിം ലിന്‍ഡര്‍കിംഗുമായും യെമനിലെ ഹ്യുമാനിറ്റേറിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് ഗ്രെസ്‌ലിയുമായും നടത്തിയ കൂടിക്കാഴ്ചക്കിടെ ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
ജീര്‍ണാവസ്ഥയിലുള്ള കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നിന്ന് യു.എന്‍ സംഘത്തെ വര്‍ഷങ്ങളായി ഹൂത്തികള്‍ തടയുകയാണ്. യെമന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ യു.എന്‍ നടത്തുന്ന ശ്രമങ്ങളെയും സാഫിര്‍ എണ്ണ ടാങ്കര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടത്തുന്ന ശ്രമങ്ങളെയും ജി.സി.സി പിന്തുണക്കുമെന്ന് ഡോ. നായിഫ് അല്‍ഹജ്‌റഫ് പറഞ്ഞു. സാഫിര്‍ എണ്ണ ടാങ്കര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ യു.എന്‍ തയാറാക്കിയ പദ്ധതി കൂടിക്കാഴ്ചക്കിടെ മൂവരും വിശകലനം ചെയ്തു. സത്വര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സാഫിര്‍ എണ്ണ ടാങ്കര്‍ പാരിസ്ഥിതിക, സാമ്പത്തിക ദുരന്തത്തിന് ഇടയാക്കും.
സാഫിര്‍ എണ്ണ ടാങ്കര്‍ പ്രശ്‌നം പരിഹരിക്കാന്‍ യു.എന്‍ ദ്വിമുഖ പദ്ധതി തയാറാക്കിയതായി ഹ്യുമാനിറ്റേറിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് ഗ്രെസ്‌ലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എണ്ണ ടാങ്കറിന് ബദല്‍ കപ്പല്‍ ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതിയുണ്ട്. ഇതിന് പതിനെട്ടു മാസമെടുക്കും. സാഫിര്‍ എണ്ണ ടാങ്കറിലെ എണ്ണ താല്‍ക്കാലികമായി മറ്റൊരു കപ്പലിലേക്ക് മാറ്റി ഇന്റര്‍നാഷണല്‍ മറൈന്‍ റെസ്‌ക്യു കമ്പനി വഴി സാഫിര്‍ എണ്ണ ടാങ്കറില്‍ അടിയന്തിര അറ്റകുറ്റപ്പണി നടത്താനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് നാലു മാസമെടുക്കും.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്തു നിന്ന് 4.8 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സാഫിര്‍ എണ്ണ ടാങ്കറുള്ളത്. ഇതില്‍ 11.4 ലക്ഷത്തോളം ബാരല്‍ എണ്ണയുണ്ട്. 2015 മുതല്‍ കപ്പലില്‍ നിന്നുള്ള എണ്ണ നീക്കം ചെയ്യുന്നതും കപ്പലില്‍ റിപ്പയര്‍ ജോലികള്‍ ചെയ്യുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം കപ്പലിന്റെ ബോഡി ജീര്‍ണാവസ്ഥയിലാവുകയായിരുന്നു. സാഫിര്‍ എണ്ണ ടാങ്കറിലുണ്ടാകുന്ന ചോര്‍ച്ച മേഖലയില്‍ വന്‍ പാരിസ്ഥിതിക ദുരന്തത്തിന് ഇടയാക്കുമെന്നാണ് ഭയക്കുന്നത്.

 

 

Latest News