മലപ്പുറം- അരീക്കോട് എം.എസ്.പി ക്യാമ്പില്‍നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി. സ്പെഷ്യല്‍ ഓപ്പറേറ്റിംഗ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീറിനെ(29)യാണ് ഞായറാഴ്ച കണ്ടെത്തിയത്. ക്യാമ്പില്‍നിന്ന് പോയ മുബഷീര്‍, വടകരയിലെ വീട്ടിലുണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം അരീക്കോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ജോലി സമ്മര്‍ദം കാരണമാണ് മുബഷീര്‍ ക്യാമ്പില്‍നിന്ന് പോയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. അരീക്കോട് സ്റ്റേഷനില്‍ എത്തിയപ്പോഴും ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പോലീസുകാര്‍ പറഞ്ഞു. മുബഷീറിനെ കാണാനില്ലെന്ന് അരീക്കോട് എം.എസ്.പി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് അരീക്കോട് പോലീസിലും ഭാര്യ ഷാഹിന ബത്തേരി പോലീസിലും പരാതി നല്‍കിയിരുന്നു.