കണ്ണൂര്‍- കീഴാറ്റൂരില്‍ സമരപ്പന്തലിനു നേരെയും വീടിനു നേരെയും ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വയല്‍ സംരക്ഷണ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിലെ ഏറ്റവും വലിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ആറന്‍മുള സമരത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഞങ്ങള്‍ ആരംഭിച്ച സമരത്തെ തള്ളിക്കളയാന്‍ സിപിഎമ്മിനാവില്ല. സിപിഎം കാണിച്ച മാതൃകയാണ് തങ്ങള്‍ പിന്‍തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും മാത്രമല്ല, ആരുടേയും പിന്തുണ സ്വീകരിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.
വീടിനു നേരെ ആക്രമണം നടത്തിയത് സമരത്തെ അനുകൂലിക്കുന്നവര്‍ തന്നെയാണെന്ന അഭിപ്രായം ഗോവിന്ദന്‍ മാസ്റ്ററുടേത് മാത്രമാണെന്നും തങ്ങള്‍ നിലകൊള്ളുന്നത് വയല്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങുന്നതിനുമുമ്പുതന്നെ ആക്രമണം നടത്തിയത് ആര്‍എസ്എസ് ആണെന്ന് കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം രാഷ്ട്രീയമായ കെണിയാണ്. ഇത്തരം കെണികളില്‍ വീഴാന്‍ വയല്‍ക്കിളികളെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.