കോട്ടയം- ഭാര്യയെ കുത്തികൊല്ലാന്‍ ശ്രമിച്ച 48 കാരന്‍ പോലീസ് കസ്റ്റഡിയിലായി. പൈകയിലാണ് സംഭവം. ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പൊന്‍കുന്നം എലിക്കുളം മല്ലികശേരി കണ്ണമുണ്ടയില്‍ സിനിയെ(42)യാണ് ഭര്‍ത്താവ് ബിനോയ് ജോസഫ് (48) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഴുത്തിന് ഗുരുതരമായി കുത്തേറ്റ സിനി പാലാ ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബിനോയ് സംശയ രോഗിയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. രാത്രിയില്‍ വീട്ടിലെത്തുന്ന ബിനോയി മുന്‍വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടുന്നതാണ് പതിവ്. ഇതിന് ശേഷം ഈ രണ്ട് താക്കോലുകളും തന്റെ തലയണക്ക് അടിയില്‍ വച്ചാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ചെറിയൊരു അനക്കം കേട്ടാല്‍പോലും വാതില്‍ തുറന്ന് പുറത്തിറങ്ങി നോക്കും. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിനോയി കിടപ്പുമുറിയില്‍ സിനിയുടെ കഴുത്തില്‍ കത്തി എടുത്തു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ഇവരുടെ കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് കുട്ടികള്‍ എഴുന്നേറ്റു വന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിനിയെയാണ് കണ്ടത്. ഉടനെ ഇവര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സിനിയെ നാട്ടുകാര്‍ ചേര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാലാ പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് സ്ഥലത്ത് എത്തി ബിനോയിയെ കസ്റ്റഡിയില്‍ എടുത്തു.