മക്ക - വിശുദ്ധ ഹറമില്‍ കടുത്ത തിരക്കിനിടെ കൂട്ടംതെറ്റിയ ബാലികക്ക് സാന്ത്വനമേകി ഹജ്, ഉംറ സുരക്ഷാ സേനാ ഭടന്‍. ബന്ധുക്കളെ കാണാതെ വിഷമിച്ചലഞ്ഞ ബാലികയെ സുരക്ഷാ ഭടന്‍ സ്വന്തം കൈകളില്‍ കോരിയെടുക്കുകയും ആശ്വാസമേകുകയുമായിരുന്നു. സുരക്ഷാ ഭടന്റെ സാന്ത്വനം നല്‍കിയ സുരക്ഷയില്‍ ബാലിക ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു. ബാലികയെ പിന്നീട് സുരക്ഷാ സൈനികന്‍ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്‍കുന്ന കേന്ദ്രത്തില്‍ ഏല്‍പിച്ചു. സെന്റര്‍ അധികൃതര്‍ പിന്നീട് ബന്ധുക്കളെ കണ്ടെത്തി ബാലികയെ തിരിച്ചേല്‍പിച്ചു.
വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും നീക്കങ്ങള്‍ ക്രമീകരിക്കാനും പ്രായാധിക്യം ചെന്നവര്‍ അടക്കമുള്ളര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനും നിഷേധാത്മക പ്രവണതകള്‍ തടയാനും സുരക്ഷാ സൈനികര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. വിശുദ്ധ ഹറമില്‍ പ്രവേശിക്കാനും നമസ്‌കാരം നിര്‍വഹിക്കാനും മുന്‍കൂട്ടി പെര്‍മിറ്റുകള്‍ നേടണമെന്ന വ്യവസ്ഥയും മറ്റു മുന്‍കരുതലുകളും നിയന്ത്രണങ്ങളും എടുത്തുകളയുകയും പുണ്യറമദാന്‍ സമാഗതമാവുകയും ചെയ്തതോടെ കടുത്ത തിരക്കാണ് ഹറമില്‍ അനുഭവപ്പെടുന്നത്.