റിയാദ് - നിയമലംഘനങ്ങള്‍ക്ക് 33,000 വ്യാപാര സ്ഥാപനങ്ങള്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട കാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം അടപ്പിച്ചു. നഗരസഭാ വ്യവസ്ഥകളും ആരോഗ്യ നിബന്ധനകളും മറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ വര്‍ഷം വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളില്‍ 21 ലക്ഷത്തോളം ഫീല്‍ഡ് പരിശോധനകളാണ് മന്ത്രാലയത്തിനു കീഴിലെ നഗരസഭകളും ബലദിയകളും നടത്തിയത്.
ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയത് ജിദ്ദയിലാണ്. ഇവിടെ വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം 3,34,258 ഫീല്‍ഡ് പരിശോധനകള്‍ നടത്തി. റിയാദില്‍ 2,14,163 ഉം അല്‍ഖസീമില്‍ 2,01,921 ഉം മക്കയില്‍ 1,35,813 ഉം ഫീല്‍ഡ് പരിശോധനകള്‍ നഗരസഭകളും ബലദിയകളും കഴിഞ്ഞ വര്‍ഷം നടത്തിയതായും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട കാര്യ മന്ത്രാലയം അറിയിച്ചു.