കണ്ണൂര്‍-ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമമാക്കാമെന്നു കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി പ്രശ്‌നം പറഞ്ഞു വികസനത്തെ തടസപ്പെടുത്തരുത്. കീഴാറ്റൂര്‍ വഴി ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചതു പിണറായി വിജയനോ ജി.സുധാകരനോ അല്ല, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ സംരക്ഷിക്കും. സംഘര്‍ഷത്തിനോ സംഘട്ടനത്തിനോ സിപിഎം തയാറല്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും-കോടിയേരി പറഞ്ഞു.
ബൈപാസ് വരാതിരുന്നാല്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ലെന്നു പറഞ്ഞു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു പിടിക്കും. ത്രിപുരയില്‍ സംഭവിച്ചത് അതാണ്. തെറ്റിദ്ധരിക്കപ്പെട്ടവര്‍ തെറ്റിദ്ധാരണ മാറ്റി തിരിച്ചു വരണമെന്നും കോടിയേരി അഭ്യര്‍ഥിച്ചു. ബൈപാസിനു പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കുമെന്നും മേല്‍പ്പാലം നിര്‍മിക്കണോയെന്നു ദേശീയപാത അതോറിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.