Sorry, you need to enable JavaScript to visit this website.

എം.സി ജോസഫൈന്‍ അന്തരിച്ചു 

കണ്ണൂര്‍- മുതിര്‍ന്ന സി.പി.എം. നേതാവും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി. ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കണ്ണൂരില്‍ നടക്കുന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ഇന്നലെ രാത്രി ഏഴുമണിയോടെ ജോസഫൈന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് എ.കെ.ജി. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. 

1948 ഓഗസ്റ്റ് മൂന്നിന്  മുരിക്കുംപാടം മാപ്പിളശേരി ചവര- മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.

https://www.malayalamnewsdaily.com/sites/default/files/2022/04/10/mc-josephine.jpg
2017 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷയായിരുന്ന ജോസഫൈന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി  യുവജന  മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ല്‍ സി.പി.എം അംഗമായി. 1984ല്‍ പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും െ്രെപവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.

 

 

Latest News