കൊച്ചി-നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തു. കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് ക്രൈം ബ്രാഞ്ച് സംഘം മഞ്ജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്.
കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്യാനിരിക്കെയാണ് ദിലീപീന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ദിലീപ് അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതയാണ് സൂചന.
ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദസാംപിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. ഒരു പെണ്ണിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്റെ ഓഡിയോ അടക്കം, ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകള്‍ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.
ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയതില്‍ രണ്ട് ശബ്ദമൊഴി മറ്റൊന്നും തന്റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. ഇക്കാര്യം മഞ്ജു വാര്യര്‍ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പുറത്ത് വന്ന ഡിജിറ്റല്‍ തെളിവുകളിലും മഞ്ജുവില്‍ നിന്ന് വ്യക്തത തേടിയിട്ടുണ്ട്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. 2012 മുതല്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്‌നത്തില്‍ ചില നിര്‍ണ്ണായക വിവരങ്ങളും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ നടക്കാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തത്.
കേസില്‍ നാളെ ഉച്ചയ്ക്കുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാവ്യയ്ക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാം എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. സാക്ഷിയായി വിളിക്കുന്ന സ്ത്രീകളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് മൊഴി എടുക്കരുതെന്ന് ചട്ടം ഉള്ളതിനാലാണ് കാവ്യ മാധവന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യുന്നത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാര്‍ അടക്കമുള്ളവരുടെ മൊഴി. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവര്‍ തമ്മിലുള്ള സംഭാഷണമാണു ശബ്ദരേഖയിലുള്ളത്. കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം, സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകള്‍. ജയിലില്‍ നിന്നുള്ള പ്രതികളുടെ ഫോണ്‍ കോള്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപില്‍ എത്തിയതെന്നും പറയുന്നുണ്ട്.
കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണു സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടുണ്ട്. കേസില്‍ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ മൊഴി.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്.
എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടെന്ന് ഡോക്ടര്‍ പറയുമ്പോള്‍ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കുമെന്നും ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കി. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.