കണ്ണൂര്‍- ഇന്ത്യ കണ്ട വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹത്തിന്. തനിക്ക് ഭരണത്തില്‍ വഴികാട്ടിയാണ് പിണറായിയെന്നും സ്റ്റാലിന്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിക്കവെ അഭിപ്രായപ്പെട്ടു.
വളരെ ആവേശത്തോടെയാണ് ഈ സെമിനാറില്‍ പങ്കെടുക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുളള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവാണ്. നിങ്ങളിലൊരാളായാണ് സെമിനാറില്‍ പങ്കെടുക്കുന്നതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് സ്റ്റാലിന്‍ നടത്തിയത്. ബ്രിട്ടീഷുകാര്‍പോലും നടപ്പാക്കാത്ത നയമാണ് അമിത് ഷാ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഭരണഘടനാ ശില്‍പികള്‍ ഏകത്വത്തിന് വേണ്ടിയല്ല നിലകൊണ്ടത്. സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്യുന്നതായും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ജി.എസ്.ടിയിലും സംസ്ഥാനങ്ങളുടെ താളംതെറ്റിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.