Sorry, you need to enable JavaScript to visit this website.

രാജ്യത്തിനും ഭരണാധികാരികൾക്കും പൂർണ പിന്തുണ - അൽവലീദ് 

റിയാദ് - സൗദി അറേബ്യക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിലുള്ള ഭരണാധികാരികൾക്കും എക്കാലവും തന്റെ പൂർണ പിന്തുണയും കൂറുമുണ്ടാകുമെന്ന് അഴിമതി കേസിൽ അറസ്റ്റിലായി മൂന്നു മാസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ വ്യവസായ പ്രമുഖൻ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു. 
അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പും കസ്റ്റഡിയിൽ കഴിഞ്ഞ കാലത്തും അതിനു ശേഷവും രാജ്യത്തെയും ഭരണാധികാരികളെയും താൻ പൂർണമായും പിന്തുണക്കുന്നു. 
അൽസൗദ് കുടുംബത്തിന്റെ, വിശിഷ്യാ അബ്ദുൽ അസീസ് അൽസൗദിന്റെ കുടുംബത്തിന്റെ രക്തം കൊണ്ടാണ് ഈ രാജ്യം സ്ഥാപിതമായത്. സൗദി അറേബ്യയെയും ഭരണാധികാരികളെയും പൂർണമായും പിന്തുണക്കുന്ന നിലപാടിൽനിന്ന് ഒരിക്കലും താൻ വ്യതിചലിക്കില്ല. 
റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലത്ത് താൻ പീഡനങ്ങൾക്ക് വിധേയനായിട്ടില്ല. 83 ദിവസം നീണ്ട കസ്റ്റഡി കാലത്ത് താൻ പീഡനങ്ങൾക്ക് ഇരയായെന്നും തന്നെ ജയിലിലേക്ക് അയച്ചെന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. ഇത് ശരിയല്ല. കസ്റ്റഡി കാലം മുഴുവൻ താൻ ഹോട്ടലിലാണ് കഴിഞ്ഞത്. 
ഹോട്ടലിൽ വെച്ച് താൻ പീഡനങ്ങൾക്ക് ഇരയായിട്ടുമില്ല. ഏറ്റവും മികച്ച സേവനങ്ങളാണ് ഹോട്ടലിൽ തനിക്ക് ലഭിച്ചത്. ദിവസേന രണ്ടു തവണ ഡോക്ടർമാർ എത്തി പരിശോധിച്ചിരുന്നു. ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലത്ത് ഫസ്റ്റ് ക്ലാസ് സേവനമാണ് തനിക്ക് ലഭിച്ചതെന്നും ബ്ലൂംബെർഗ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു.
 

Latest News