തൃശൂര്‍- ദല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യെച്ചൂരിക്ക് പേടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സതീശന്‍.
കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ എല്ലാ ദിവസവും ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടനിലക്കാര്‍ വഴി സംഘപരിവാര്‍ നേതൃത്വവുമായി ഉണ്ടാക്കിയിരിക്കുന്ന അവിഹിത ബന്ധത്തിന്റെ പ്രതിഫലനമാണ് പാര്‍ട്ടി കോണ്‍ഗ്രസിലും നടക്കുന്നത്. സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം അവസാനിപ്പാക്കാനും സില്‍വര്‍ ലൈനിനു വേണ്ടി മോഡിക്കും പിണറായിക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ തന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉണ്ടാകാന്‍ വേണ്ടിയും പ്രവര്‍ത്തിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു.
ഇന്ത്യയില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള സി.പി.എം ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുമെന്ന ഉറപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.എം സംഘപരിവാര്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. അതാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. ഈ കോണ്‍ഗ്രസ് വിരുദ്ധത മകന്‍ മരിച്ചാലും കുഴപ്പമില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന ചില അമ്മായിഅമ്മമാരെ പോലെയാണ്. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്‍മുറക്കാരായി നിന്നുകൊണ്ടാണ് ഇവര്‍ പ്രസംഗിക്കുന്നത്. ഇവര്‍ക്ക് ഒരു ഇടതുപക്ഷ ലൈനുമില്ല. തീവ്ര വലതുപക്ഷ ലൈനിലേക്ക് ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ സി.പി.എം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.