തൊടുപുഴ- ഒരു പതിറ്റാണ്ടായുള്ള തൊടുപുഴ നിവാസികളുടെ കാത്തിരിപ്പിനൊടുവില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് യാത്രക്കാര്‍ക്കായി തുറന്നു നല്‍കി. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ചു. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. 2013 ജനുവരി പത്തിനാണ് തൊടുപുഴയില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. ആദ്യ ഘട്ടത്തില്‍ പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 18 കോടി വരെയായി ഉയര്‍ന്നുവെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനുവദിച്ച ഫണ്ട് ഉള്‍പ്പെടെ 22.66 കോടി രൂപ മുടക്കിയാണ് നിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു കോടി രൂപ എം.എല്‍.എ ഫണ്ടും ഉള്‍പ്പെടും.
തൊടുപുഴ - ഇടുക്കി റൂട്ടില്‍ മൂപ്പില്‍കടവ് പാലത്തിനു സമീപമാണ് ആധുനിക രീതിയിലുള്ള കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 40 ബസുകള്‍ പാര്‍ക്ക് ചെയ്യാനും, പത്ത് ബസുകള്‍ക്ക് യാത്രക്കാരെ കയറ്റി ഇറക്കി പോകാനുമുള്ള സൗകര്യവും പുതിയ ഡിപ്പോയിലുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ ഗ്യാരേജ്, അതിന് മുകളില്‍ പാര്‍ക്കിംഗ്, ഒന്നാം നിലയില്‍ ബസ് ടെര്‍മിനല്‍, രണ്ടും മൂന്നും നിലകളിള്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഗ്യാരേജില്‍ പത്തോളം ബസുകള്‍ക്ക് ഒരേസമയം അറ്റകുറ്റ പണികള്‍ നടത്താന്‍ സൗകര്യമുണ്ട്. ഡിപ്പോ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് ഡീസല്‍ പമ്പ് സ്ഥാപിച്ചു കഴിഞ്ഞു.