തൃശൂര്‍- തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി. ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ രാത്രി പന്ത്രണ്ട് മണിക്ക് ഉത്തരവില്‍ ഒപ്പിടുകയായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.
താന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ വിഷയത്തില്‍ ഇടപ്പെട്ടത്. എല്ലാ പൂരപ്രേമികള്‍ക്കും ഭംഗിയായി പൂരം കാണാമെന്നും സുരേഷ്ഗോപി തൃശൂരില്‍ പറഞ്ഞു.
വളരെ പരിപൂര്‍ണമായി എല്ലാ മര്യാദകളോടുംകൂടി വെടിക്കെട്ടിന്റെ അണുവിടവ്യത്യാസമില്ലാതെ പൂരം പൂര്‍ണരൂപത്തില്‍ സ്പെഷ്യല്‍ എഡിഷനായി 2022 മെയില്‍ കാഴ്ചവയ്ക്കാന്‍ തൃശൂര്‍കാര്‍ക്ക് സാധിക്കും- അദ്ദേഹം പറഞ്ഞു. മെയ് പത്തിനാണ് തൃശൂര്‍ പൂരം.