Sorry, you need to enable JavaScript to visit this website.

കോവിഡ് നിയന്ത്രണമില്ല, ഊതിക്കല്‍ പരിശോധനയുമായി പോലീസ് വീണ്ടും

തിരുവനന്തപുരം- മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കേരള പോലീസ് പുനരാരംഭിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ പോലീസ് നിര്‍ത്തിവെച്ചത്. പരിശോധന പുനരാരംഭിക്കാന്‍ ഡിജിപിയാണ് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
കോവിഡ് വ്യാപന സാഹചര്യത്തിലാണ് ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള ഊതിക്കല്‍ പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചത്. നേരിട്ടുള്ള പരിശോധനകളില്‍നിന്നു പോലീസ് വിട്ടുനില്‍ക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇളവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രികാല വാഹന പരിശോധനയും കര്‍ശനമാക്കും.

രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. എത്രയും വേഗം പരിശോധന പുനരാരംഭിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ ഇന്ന് രാത്രി മുതല്‍ തന്നെ സംസ്ഥാനത്ത് പോലീസ് പരിശോധന പുനരാരംഭിച്ചേക്കും.

 

Latest News