തിരുവനന്തപുരം- കോവിഡ് കാലത്ത് ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വിവരാവകാശ രേഖ. മൂന്നിരട്ടി ഉയർന്ന വിലക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന ആരോപണങ്ങൾ ശക്തിപ്പെടുത്തുന്ന വിവരങ്ങളാണിത്. സ്റ്റോർ പർച്ചേഴ്സ് മാന്വൽ പ്രകാരം മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കോവിഡ് കാല പർച്ചെയ്സിന് സർക്കാറിന്റെ അംഗീകാരം ആവശ്യമാണ്. സാൻ ഫാർമ കമ്പനിയിൽനിന്ന് മാർക്കറ്റ് നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റ് വാങ്ങിയെന്ന രേഖയാണ് പുറത്തുവന്നത്. 2020 മാർച്ച് 29ന് 446 രൂപയക്ക് വാങ്ങിയ പി.പി.ഇ കിറ്റ് തൊട്ടടുത്ത ദിവസം 1550 രൂപയ്ക്കാണ് വാങ്ങിയത്. ഇതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. വിവരാവകാശ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അഡ്വ. സി.ആർ പ്രാണകുമാറാണ് വിവരങ്ങൾ പുറത്തുവിട്ടത്.