കൊച്ചി- നടിയെ ആക്രമിച്ച കേസിലേക്ക് ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വലിച്ചിഴക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി അന്വേഷണ സംഘം. കേസിന്റെ കേന്ദ്രബിന്ദു ദിലീപിൽ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതിനിടെ, ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എനിക്ക് നിങ്ങളെ ഭയമാണെന്ന് കാവ്യ കരഞ്ഞു പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഫോണിൽ നിന്നാണ് ഈ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചത്.