Sorry, you need to enable JavaScript to visit this website.

കെ.എസ്.ഇ.ബിയിലെ തർക്കം സി.ഐ.ടി.യു മന്ത്രി കൃഷ്ണൻ കുട്ടിക്കെതിരെയും


തിരുവനന്തപുരം- കെ.എസ്.ഇ.ബിയിൽ ചെയർമാനെതിരെ സമരം ചെയ്യുന്ന സി.ഐ.ടി.യു യൂനിയൻ വൈദ്യുതിമ ന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെയും തിരിയുന്നു. ചെയർമാന്റെ നടപടിക്കെതിരെ പ്രതികരിക്കാൻ പോലും തയാറാകാത്തതിനാലാണ് യൂനിയൻ മന്ത്രിക്കെതിരെ തിരിയുന്നത്. മുൻ മന്ത്രി എം.എം.മണിയെ രംഗത്തിറക്കിയത് ഇതിന്റെ ഭാഗമാണ്. ഭരിക്കുന്നത് ഇടത് സർക്കാരാണെന്ന് ഓർക്കണമെന്നാണ് എം.എം. മണി ഇന്നലെ പറഞ്ഞത്. കെ.എസ്.ഇ.ബി ചെയർമാന്റെ നിലപാട് ശരിയല്ല. സ്വേഛാധിപത്യം നടപ്പാകില്ല. അടിയന്തരാവസ്ഥക്കാലത്തു പോലും ഇങ്ങനെ ഉണ്ടാകില്ല. കഴിവുള്ളവർക്കെതിരെയാണ് ചെയർമാൻ നടപടിയെടുത്തതെന്നും മണി പറഞ്ഞു.
ഭരണപക്ഷ യൂനിയന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ മന്ത്രി വിമുഖത കാണിക്കുന്നു എന്നാണ് സി.പി.എം യൂനിയന്റെ പ്രധാന ആരോപണം. ഓഫീസേഴ്‌സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനെയും സെക്രട്ടറി ഹരികുമാറിനെയും സസ്‌പെൻഡ് ചെയ്ത നടപടി ശരിയെന്ന് മന്ത്രി പറഞ്ഞതിലൂടെ സി.ഐ.ടി.യു യൂനിയനെ അധിക്ഷേപിക്കുന്നു എന്നാണ് പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. വൈദ്യുതി മന്ത്രിമാരായിരുന്ന എ.കെ.ബാലന്റെയും എം.എം.മണിയുടെയും പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു എം.ജി.സുരേഷ് കുമാർ. പാർട്ടിയിൽ അത്രക്ക് സ്വാധീനമുള്ള നേതാവിനെ സസ്‌പെൻഡ് ചെയ്തിട്ടും മന്ത്രി അനുകൂലിച്ചത് സംഘടനയ്ക്ക് പ്രതിപക്ഷ യൂനിയനുകൾക്ക് മുമ്പിൽ വലിയ നാണക്കേടുണ്ടാക്കി.  
ഇതിനിടെ തന്റെ നടപടിയിൽ ഉറച്ച് നിൽക്കുകയാണ് ചെയർമാൻ ഡോ.അശോക്. തെറ്റ് ചെയ്തവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ ഭയക്കുന്നില്ല. നടപടി നേരിട്ടതിനു വിലപിച്ചിട്ട് കാര്യമില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ സസ്‌പെൻഷനിലായതോടെ ബോർഡിനെ സമ്മർദത്തിലാക്കാൻ ബോർഡിലെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെയും രംഗത്തിറക്കാൻ സി.ഐ.ടി.യു യൂനിയൻ നീക്കം തുടങ്ങി. ബോർഡിൽ റഫറണ്ടം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സ്ഥലംമാറ്റമോ, സ്ഥാനക്കയറ്റമോ നൽകാൻ പാടില്ല. എന്നാൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ കെ.എസ്.ഇ.ബി വർക്കേഴ്‌സ് യൂനിയനോട് സി.ഐ.ടി.യു ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിന്റെ  ആദ്യ ഘട്ടം എന്ന നിലയിൽ എല്ലാ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിലും ഇന്നലെ ധർണ നടന്നു.  

Latest News