Sorry, you need to enable JavaScript to visit this website.

റിയാദിൽ പ്രവാസി സാംസ്‌കാരിക  വേദിയുടെ ഇഫ്താർ സ്‌നേഹസംഗമം 

റിയാദ് പ്രവാസി സാംസ്‌കാരിക വേദി ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് സാജു ജോർജ് സംസാരിക്കുന്നു.

റിയാദ്- സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് 'പ്രവാസി സംസ്‌കാരിക വേദി' റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സാജു ജോർജ് ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് റമദാൻ സന്ദേശം നൽകി. 
'സൗഹൃദം പൂത്തിരുന്ന ഇടങ്ങൾ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമെന്ന പോലെ സ്വന്തം സംഘടനയിലേക്കും ഉൾവലിയുകയും മറ്റുള്ളവരെ ചേർത്തുപിടിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന കാലമാണിത്. അതുപോലെ മനുഷ്യൻ അനുഭവിക്കുന്ന വലിയ ശിക്ഷയാണ് അന്യവത്കരണവും അപരവത്കരണവും. ഇത് വ്യാപകമാവുന്ന കാലത്ത് അവരിലേക്ക് ഇറങ്ങിച്ചെല്ലാനും ചേർത്തു പിടിക്കാനും നോമ്പ് നമ്മെ സജ്ജമാക്കുന്നു. മറ്റുള്ളവർ കൂടിയുണ്ടാകുമ്പോഴാണ് എന്റെ ജീവിതം മനോഹരമാവുന്നത് എന്ന സമഭാവനയുടെ പാഠമാണ് ഇഫ്താർ നൽകുന്ന'തെന്ന് അദ്ദേഹം പറഞ്ഞു. 

'ഒരു വൈറസിന്റെ മുന്നിൽ ഭയന്നു വിറച്ച മനുഷ്യരും രാജ്യങ്ങളുമെല്ലാം വീണ്ടും ഹിംസയുടെ മാർഗമന്വേഷിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെ'ന്ന് ചടങ്ങിൽ സംസാരിച്ച എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു. ഡോ.ജയചന്ദ്രൻ, ഡോ.ഹസീന ഫുആദ് എന്നിവർ ആശംസകൾ നിർവഹിച്ചു. സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, വി.ജെ നസറുദ്ദീൻ, നിഖില സമീർ, ഹരികൃഷ്ണൻ, സുധീർ കുമ്മിൾ, ഡോ.മീര, ധന്യ ശരത്, ഇബ്രാഹിം സുബ്ഹാൻ, സായ്‌നാഥ്, മൈമൂന അബ്ബാസ്, ബിന്ദു സാബു, ഫൈസൽ കൊണ്ടോട്ടി, ഇബ്രാഹിം കരീം, ഷിബു ഉസ്മാൻ, അസ്ലം പാലത്ത്, ഡൊമിനിക് തുടങ്ങി നിരവധി പേർ ഇഫ്താറിൽ പങ്കെടുത്തു. 
കോവിഡ് കാലത്തെ മികച്ച സേവനത്തെ മുൻനിർത്തി ഡോ.ഹസീന ഫുആദിന് 'പ്രവാസി'യുടെ പ്രശംസാപത്രം പ്രസിഡന്റ് സാജു ജോർജ് സമ്മാനിച്ചു. സൈനുൽ ആബിദീൻ, അബ്ദുറഹ്മാൻ മറായി, അംജദ് അലി, ഷഹ്ദാൻ, ശിഹാബ് കുണ്ടൂർ, ഷാനിദ് അലി, അഹ്ഫാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു. 

Latest News