കൊച്ചി- നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കുരുക്കിലാക്കുന്ന ശബ്ദരേഖ പുറത്ത്. കാവ്യ തന്റെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വെച്ച പണി ദിലീപ് ഏറ്റെടുത്തതാണെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. അതിനിടെ, കേസിൽ കാവ്യയെ അടുത്ത തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ ഇനിയും കാര്യങ്ങൾ തെളിയിക്കപെടാനുണ്ട് എന്ന നിലയിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യാ മാധവൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. അഭിഭാഷകരുടെ ചോദ്യം ചെയ്യൽ അതിന് മുമ്പ് ഉണ്ടാകും.
'ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ നമ്മൾ രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാൻ ശിക്ഷിച്ചിക്കപ്പെട്ടു' എന്ന് ദിലീപ് പറയുന്ന ശബ്ദശകലത്തിന്റെയും ദൃശ്യങ്ങളടങ്ങിയ ടാബ് കാവ്യ ദിലീപിൽ നിന്ന് വാങ്ങിക്കൊണ്ടു പോകുന്നത് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും അടിസ്ഥാത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കേസിന്റെ തുടക്കം മുതൽ കേൾക്കുന്ന മാഡം എന്ന് പൾസർ സുനി വിശേഷിപ്പിച്ച വ്യക്തി കാവ്യാ മാധവനാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘം വ്യക്തത വരുത്തും. കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ് ശരത്തിനോട് പറയുന്ന ശബ്ദരേഖ പോലീസിന്റെ പക്കലുണ്ട്. ഇതും ചോദ്യം ചെയ്യലിൽ നിർണായകമാകും. കാവ്യാ മാധവൻ ഇപ്പോൾ ചെന്നൈയിലാണുള്ളത്. അടുത്തയാഴ്ച മടങ്ങി എത്തിയാലുടൻ കാവ്യയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കെ രാമൻപിള്ളയുടെ അഭിഭാഷക സംഘത്തിലെ ഏതാനും ചിലരെയായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ഇതിൽ ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർ തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സുജേഷ് മേനോൻ ദിലീപുമായി നടത്തിയ ഒരു ഫോൺ സംഭാഷണം നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിട്ടുണ്ട് എന്നതിന് തെളിവായി അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തിക്കാട്ടുന്നു. ഇന്നലെ ഹൈക്കോടതിയിൽ ഇതടക്കമുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് ഹാജരാക്കി. 2019 ഡിസംബർ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്. സുജേഷ് മേനോൻ ദിലീപിനോട് പറയുന്നത് ഇങ്ങനെയാണ്: 'അവരെ (ജഡ്ജിയെ) കേൾപ്പിക്കാൻ വേണ്ടിട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ'. '(പീഡനദൃശ്യങ്ങൾ) നമ്മൾ പല പ്രാവശ്യം കണ്ടതാ.' 'അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മൾ പല പ്രാവശ്യം കണ്ടതാ'. 'ജഡ്ജിയുടെ ശ്രദ്ധ ആകർഷിക്കാനാണ് കോടതിയിൽ ചോദ്യങ്ങൾ ചോദിച്ചത്'. 'ജഡ്ജി ശ്രദ്ധിക്കുന്നില്ലെന്ന് സംശയം വന്നപ്പോൾ അറ്റൻഷനിലാക്കാനാണ് ചോദ്യങ്ങൾ ചോദിച്ചത്.' 'ജഡ്ജിയെ ടാക്ട്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ.' ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവാണ് ഈ സംഭാഷണമെന്നും ഇരുവരുടെയും ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് അഭിഭാഷകരെ ചോദ്യം ചെയ്‌തേ മതിയാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.