കോഴിക്കോട്- കേന്ദ്ര കാലാവസ്ഥ വിഭാഗം പ്രവചിച്ചത് യാഥാര്‍ഥ്യമായി. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് കേരളത്തിലെല്ലായിടത്തും ശക്തമായ ഇടിയും മഴയുമുണ്ടാവുമെന്നായിരുന്നു പ്രവചനം. ഉച്ച ഒരു മണി വരെ സൂര്യന്‍ കത്തി ജ്വലിച്ചു നില്‍ക്കുകയായിരുന്നു. ജുമാ നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ പള്ളികളില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മഴക്കാലത്തെ ഓര്‍മിപ്പിക്കുന്ന മാതിരി വാനം പൂര്‍ണമായും മേഘാവൃതമായിരുന്നു. കൂട്ടിന് ഇടയ്ക്കിടെ ഇടിയും. ക്രമേണ ചില പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുകയും ചെയ്തു. നോമ്പു കാലത്ത് ലഭിച്ച വേനല്‍മഴ എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്നു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നായിരുന്നു പ്രവചനം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. .അടുത്ത ദിവസങ്ങളിലും ഉച്ചയോടെ അന്തരീക്ഷം മേഘാവൃതമാവും. ഇടിവെട്ടിനും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. ആന്‍ഡമാന്‍നും ശ്രീലങ്കയ്ക്കും മുകളിലുള്ള ചക്രവാതച്ചുഴികളും മഴയ്ക്ക് കാരണമായി. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.