കൊച്ചി- സി.പി.എം വേദിയില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവ് ഒന്നുമല്ല താനെന്ന് കെ വി തോമസ്. നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ കെ വി തോമസ് കണ്ണൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയുണ്ടായേക്കും. ദല്‍ഹിയില്‍ നിന്നും പലരും വിളിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് . മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സിപിഎം സ്വീകരിച്ച പ്രധാന തന്ത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ കൂടുമാറ്റം. കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച് വന്നാല്‍ ഇതുവരെ വന്നവരില്‍ സിപിഎമ്മിന് ഏറ്റവും വലിയ നേട്ടമാകും കെ വി തോമസ്. കോണ്‍ഗ്രസ് നടപടി അല്ലെങ്കില്‍ സ്വയം പുറത്തു പോകല്‍ രണ്ടിലേത് സംഭവിച്ചാലും കെ വി തോമസിന് ഒപ്പം സിപിഎം ഉണ്ടാകും എന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് എറണാകുളത്തെ പ്രമുഖന്‍ സിപിഎമ്മുമായി അടുക്കുന്നത്. ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കെ വി തോമസ് സിപിഎമ്മിലേക്ക് എത്തിയാല്‍ പ്രായം കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടി പദവികളിലെ പരിഗണനയ്ക്ക് തടസങ്ങളുണ്ട്. എന്നാല്‍ സഹയാത്രികനായി വിനിയോഗിക്കാന്‍ സിപിഎമ്മിനാകും. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രൊഫ. കെ വി തോമസ് സ്ഥാനാര്‍ഥിയായി എത്തിയാലും അതിശയപ്പെടാനില്ല. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി അടക്കം മുന്‍ കേന്ദ്ര മന്ത്രിക്ക് മുന്നില്‍ അവസരങ്ങള്‍ അനേകം.