കോഴിക്കോട്- നോമ്പ് കാലമായതിനാല്‍ ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട സംവിധായകന്‍ ഒമര്‍ ലുലുവിനെ കള്ളം പറയരുതെന്ന് പറഞ്ഞ് നെറ്റിസണ്‍സ് വളഞ്ഞിട്ട് ആക്രമിച്ചതോടെ പോസ്റ്റുകളെല്ലാം മുക്കി അദ്ദേഹം ഓടിയൊളിച്ചു. ഉമ്മ പോലും വെറുത്തുപോയെന്ന് വെളിപ്പെടുത്തിയ പോസ്റ്റും ഡിലീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
നോമ്പ് എടുക്കണ്ട എന്ന് താന്‍ന്‍ പറഞ്ഞിട്ടില്ലെന്നും എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളൂവെന്നും അദ്ദേഹം ഒടുവിലത്തെ പോസ്റ്റില്‍ പറയുന്നു.
നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവര്‍ ഉണ്ട്. സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും(ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി).
എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന ഒന്നാമത്തെ കാരണം നോമ്പാണെന്നാണ്. അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ക്കും നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.ഇപ്പോള്‍ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കൊടുത്തു.
ഞാന്‍ നിര്‍ത്തുന്നു എല്ലാം എന്റെ മിസ്റ്റേക്കാവും. ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു. നിങ്ങള്‍ ആണ് ശരി. ഇത്രയും പറഞ്ഞാണ് ഒമര്‍ ലുലു വിവാദം അവസാനിപ്പിക്കുന്നത്.
അതേസമയം, നോമ്പ് കാലത്ത് ഭക്ഷണം കിട്ടുന്നില്ല എന്നു പറഞ്ഞത് കള്ളമാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചത്.
ടി.കെ. ഫാറൂഖിന്റെ പോസ്റ്റ്
വയനാട് റൂട്ടിലെ ഭക്ഷണശാലയും ഉമര്‍ ലുലുവിന്റെ ഉച്ചവിശപ്പും: ചില കാഴ്ചാ വിചാരങ്ങള്‍
ഇന്ന് കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. മുപ്പതിലേറെ വര്‍ഷമായി ചുരം കയറാന്‍ തുടങ്ങിയിട്ട്. എന്നാലും വയനാടന്‍ യാത്രക്ക് വല്ലാത്തൊരു വശ്യതയാണ്. ആനചന്തം എന്നൊക്കെ പറയാറില്ലെ, അത് തന്നെ. എത്ര കണ്ടാലും കൊതിതീരാത്ത, എത്ര അനുഭവിച്ചാലും മതിവരാത്ത ആ ഒരു അനുഭൂതി. കടല് കാണുന്നത് പോലെ. പുലര്‍ മഞ്ഞില്‍ കുളിര്‍ത്ത് നില്‍ക്കുന്നത് പോലെ. ( എന്നെങ്കിലും ചുരത്തിലെ ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങി വയനാടിനെ ശപിക്കാനിട വന്നവരുണ്ടെങ്കില്‍ അവരോട് ക്ഷമാപണം. താമരശ്ശേരി ചുരം ഏതായാലും വയനാട് ജില്ലയിലല്ല, കോഴിക്കോട് ജില്ലയിലാണ്)
ഉക്രയിന്‍ പ്രതിസന്ധി എങ്ങിനെ പരിഹരിക്കാമെന്നതിനെക്കുറിച്ച വേവലാതിയോടെയോ ഇന്ത്യന്‍ ഭരണ സംവിധാനം ബൂര്‍ഷ്വാ വ്യവസ്ഥയാണോ അതൊ അര്‍ധ ബൂര്‍ഷ്വാ വ്യവസ്ഥയാണോ എന്ന താത്വിക വിചാരത്തില്‍ മനസുടക്കി യോ അല്ല വയനാട്ടിലേക്ക് യാത്ര ചെയ്യേണ്ടത്. ഉള്ളം കൈയില്‍ പുലര്‍ മഞ്ഞിന്റെ കുളിരു കോരിയും കാട്ടുമരത്തില്‍ മലയണ്ണാനെ തിരഞ്ഞും ഇളം വെയില്‍ കാഞ്ഞ് പൊന്നു മക്കളുടെ തലയിലെ പേന്‍ തിരയുന്ന അമ്മക്കുരങ്ങിന്റെ പുത്ര വാല്‍സല്യത്തില്‍ കൗതുകപ്പെട്ടു മൊക്കെയാവണം അത്.
പക്ഷെ, ഈ സൗന്ദര്യമാണ് ഇന്നത്തെ എന്റെ യാത്രക്ക് നഷ്ടപ്പെട്ടു പോയത്. കാഴ്ചയെക്കുറിച്ച, കാഴ്ചയുടെ ആപേക്ഷികതയെ കുറിച്ച ചില താത്വിക വിചാരങ്ങളാണ് എന്റെ യാത്രയെ കളങ്കപ്പെടുത്തിക്കളഞ്ഞത്.
ഒരു വസ്തുവിന്റെ യാഥാര്‍ത്ഥ്യവും നമ്മുടെ കാഴ്ചയിലെ അതിന്റെ പ്രത്യക്ഷവും തമ്മില്‍ ഒരു പാട് അകലമുണ്ടെന്നതാണ് ശാസ്ത്രം. നാം കാണുന്ന വസ്തുവിന്റെ രൂപവും നിറവും തിളക്കവും ഒക്കെ തന്നെ നോക്കുന്ന വ്യക്തികളുടെ മനോവ്യാപാരങ്ങള്‍ക്കനുസൃതം വ്യത്യസ്തമായിരിക്കുമെന്നാണ് സിദ്ധാന്തം. ചിത്ര ശില്‍പ കലയിലും ഛായാഗ്രഹണത്തിലുമൊക്കെ അതി പ്രധാനമാണ് ഈ തത്വം. കാഴ്ചയില്‍ മാത്രമല്ല കാഴ്ചകളുടെ വിശകലനത്തിലുമുണ്ട് നമ്മുടെ മനസിന് നായകന്റെയോ പ്രതിനായകന്റെയോ പങ്ക്. ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ പാതി നീങ്ങിയ ജനല്‍ പാളി നോക്കി 'എന്തൊരു ചൂട്, ആരാണാ ജനലടച്ചത്' എന്ന് ശാപോക്തിയിലേക്ക് നീങ്ങുന്നതിന്റെയോ 'ഹൗ, എന്തൊരു സൗന്ദര്യമാണ് ജനല്‍ വിടവിനപ്പുറം ചിരിച്ചു നില്‍ക്കുന്ന ആ പ്രഭാത പുഷ്പത്തിന്' എന്ന് പ്രതീക്ഷാ നിര്‍ഭരമാകുന്നതിന്റെയോ ഉത്തരവാദി ജനല്‍ പാളിയല്ല, മറിച്ച് നാമാണ്, നമ്മുടെ മനസാണ്.
അത് മാത്രമാണ്.
വീണ്ടും ചുരത്തിലേക്ക് വരാം. യാത്രയുടെ കൗതുകങ്ങളില്‍ നിന്ന് എന്നെ പിടിച്ചു മാറ്റി കാഴ്ചാ നിദ്ധാന്തങ്ങളിലേക്കും ഏണസ്റ്റ് ഗോംബിക്കിലേക്കുമൊക്കെ വഴി തെറ്റിച്ചത് വയനാടന്‍ യാത്രയുമായി ബന്ധപ്പെട്ട ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ്. റമദാന്‍ മാസം കാരണം ഹോട്ടലുകള്‍ അടഞ്ഞുകിടന്നതിനാല്‍ വയനാട് കോഴിക്കോട് യാത്രയില്‍ ഭക്ഷണം കിട്ടാതെ ദുരിതത്തിലായതാണ് കുറിപ്പിന്റ ഒരു വശം. എന്നാല്‍ ഇന്ന് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ഞാന്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ്. അതിരാവിലെ തന്നെ ആവി പറക്കുന്ന പുട്ടും അപ്പവുമായി യാത്രക്കാരെ കൊതിപ്പിക്കുന്ന നാടന്‍ 'ഉസ്താദ് ഹോട്ടലുകള്‍' മുതല്‍ രുചി അല്‍പം കുറഞ്ഞാലും നമ്മുടെ ഈഗോകളെ വിരുന്നൂട്ടുന്ന 'മുന്തിയ' ഹോട്ടലുകള്‍ വരെ ഒട്ടനവധി ഭക്ഷണ ശാലകളാണ് കോഴിക്കോട് വയനാട് പാതയോരത്ത് തുറന്ന് കിടക്കുന്നത്.
അപ്പോള്‍ പിന്നെ ഒരേ യാത്രാവഴിയില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തികച്ചും വിരുദ്ധമായ അനുഭവ തലങ്ങള്‍ രണ്ട് യാത്രികര്‍ക്ക് ഉണ്ടായത് എന്ത് കൊണ്ടാവാം. അപ്പോള്‍ വസ്തുവിന്റെയും വസ്തുതകളുടേയും യാഥാര്‍ഥ്യത്തെക്കാള്‍ നമ്മുടെ നോട്ടവും കാഴ്ചയുമായിരിക്കില്ലേ യഥാര്‍ത്ഥ പ്രശ്‌നം. നോമ്പുകാരനായ എന്റെ കാഴ്ചയും അനുഭവവും തന്നെയാണ് യാഥാര്‍ഥ്യമെന്നും ഞാനെങ്ങനെ പറയും?
ഇത്തരം ആശയക്കുഴപ്പവുമായി ചുരം കയറാന്‍ തുടങ്ങുന്ന ഞാന്‍ പിന്നെങ്ങിനെ കാടും മരവും കാണാന്‍?കാട്ടരുവിയുടെ മര്‍മ്മരത്തിന് കാതോര്‍ക്കാന്‍ ?
മര്‍ക്കസ് പള്ളിയുടെ മിനാരങ്ങള്‍ക്ക് തൊട്ടപ്പുറത്ത് നട്ടുച്ചക്ക് കൊതിയൂറുന്ന ആട് ബിരിയാണി വിളമ്പുന്ന കോഴിക്കോട്ടങ്ങാടിയില്‍ ഉന്നക്കായ കൊണ്ട് വിശപ്പകറേറണ്ടി വന്നുവെന്ന് പബ്ലിക് വാളില്‍ കരയുന്ന ഉമര്‍ ലുലുവിനെയും (തികവൊത്ത രണ്ട് കോഴിക്കോടന്‍ ഉന്നക്കായില്‍ ഒരു പിടി പിടിച്ചാല്‍ പിന്നെ ഉച്ച ഭക്ഷണം വേണ്ടി വരില്ല എന്നത് മറ്റൊരു കാര്യം) '..... ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം . ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നത് അഡാര്‍ ലൗ പടത്തിലെ കണ്ണിറുക്കി കാട്ടലല്ല.. ' എന്ന് വേദനയോടെ ഉമര്‍ ലുലുവിനെ തിരുത്തുന്ന ഗായകന്‍ കൗശിക് മേനോനെയും രൂപപ്പെടുത്തുന്നതും നോട്ടത്തിന്റെയും കാഴ്ചകളുടെയും മനോഭാവങ്ങളുടെയും അന്തരം തന്നെയാവണം.
തലയറുക്കപ്പെടുന്നത് പ്രശ്‌നമല്ലാതിരിക്കുകയും തലമറക്കപ്പെടുന്നത് പ്രശ്‌നമായി മാറുകയും ചെയ്യുന്ന ഇന്ന് നമ്മുടെ നോട്ടങ്ങളുടെയും കാഴ്ചകളുടെയും രാഷ്ട്രീയ കൃത്യത വിലയിരുത്തപ്പെടേണ്ടത് തന്നെയാണ്. നമ്മുടെ നോട്ടങ്ങള്‍ ചെന്ന് തറക്കുന്നത് വിശ്വാസത്തിന്റെ പേരില്‍ താല്‍ക്കാലികമായി അടഞ്ഞുകിടക്കുന്ന ചില ഭക്ഷണ ശാലകളിലേക്കാണോ അതോ വിശ്വാസത്തിന്റെ പേരില്‍ മാത്രം അടച്ചുപൂട്ടപ്പെടുകയോ തച്ചുടക്കപ്പെടുകയോ ചെയ്യുന്ന ഭക്ഷണ ശാലകളിലേക്കാണോ എന്നത് നമുക്ക് നമ്മെ നിര്‍ണയിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ചോദ്യമാണ്.
കൗശിക് മേനോന്റെ പോസ്റ്റ്
ഒമര്‍ ലുലു പുണ്യ റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും പരാമര്‍ശിച്ചത് കാണാനിടയായി , അതും ഒരു റെസ്‌റ്റോറന്റ് ഉന്നക്കായുടെ പേരും പറഞ്ഞു അദ്ദേഹം ഇങ്ങനെ പറഞ്ഞത് ഒരു ശതമാനം പോലും എനിക്കു യോജിക്കാന്‍ കഴിയുന്നില്ല .
ഞാന്‍ ജന്‍മം കൊണ്ടു ഹിന്ദു ആണേലും സ്‌കൂള്‍ കലോത്സവമത്സരങ്ങളില്‍ മാപ്പിളപ്പാട്ടിലൂടെയാണ് നബി സല്ലല്ലാഹു അലൈഹിവ്വസല്ലമനെയും , ഖുറാനും അറിയാന്‍ ശ്രമിച്ചതും . നോമ്പു എടുക്കന്നതു എന്തിനാണ് എന്ന ബോധം എനിക്കു ഉള്ളതു കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പലതവണ എനിക്ക് പുണ്യനോമ്പു നോല്‍ക്കാന്‍ സാധിച്ചിട്ടുണ്ട് , ഇത്തവണ ഏന്റെ ഭാര്യ നോമ്പു നോക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ഉണ്ട് . ഈ നോമ്പുകാലത്തില്‍ അല്ലാഹുവിനെ അനുഗമിക്കുന്ന കോടിശ്വരനും ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത ദരിദ്രനും ഒരേ പോലെ ആണ് അല്ലാഹുവിന്റെ മുന്നില്‍ എന്ന ഓര്‍മപ്പെടുത്തല്‍ പോലെ തന്നെ . ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണം എന്ന സകാത് സമ്പ്രദായം ദാനശീലം ഇല്ലാത്തവര്‍ പോലും പുണ്യ റമദാന്‍ മാസം തന്നാല്‍ കഴിയുന്ന ദാനം ചെയ്തിരിക്കും.
ടലഹള റശരെശുഹശില അതായതു വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലാഹുവിനെ അടുത്തറിയാന്‍ ഉള്ള ഈ തപസ്സ് .. ഏതൊരു മുസല്‍മാനും മുടങ്ങാതെ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ . അതു ചെയ്തില്ലേലും സാരമില്ല പക്ഷെ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന മതപരമായ നന്മകളെ എന്തിനാണ് താങ്കള്‍ വലിച്ചിഴച്ചു വിശ്വാസികളെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നു ? ഏത് മതമായാലും 'സമാധാനം സ്‌നേഹം.. ആണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് . ഒരു ഉന്നക്കായുടെ പേരും പറഞ്ഞു തുടങ്ങിവച്ച താങ്കളുടേതായ ഈ അഭിപ്രായം ഹിന്ദുവായി ജനിച്ചു അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച എനിക്കു തന്നെ വിഷമം തരുന്നുണ്ടേല്‍ പിന്നെ ബാക്കി പറയേണ്ടതില്ല.
നിങ്ങള്‍ ഇനിയും പക്വ്ത ആവേണ്ടിയിരിക്കുന്നു. നമ്മള്‍ ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം . ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ' ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു അഡാര്‍ ലൗ പടത്തിലെ കണ്ണിറുക്കി കാട്ടലല്ല.. താങ്കളുടെ പവര്‍ സ്റ്റാര്‍ സിനിമയ്ക്കു എന്റെ ആശംസകള്‍ ..
ആര് ഏന്തു പറഞ്ഞാലും താങ്കള്‍ക്ക് താങ്കളുടേതായ മറുപടി കാണും അതിനു കുറേപേര്‍ ലൈക്കും കമന്റും ഇടുന്നു എന്ന ഒരു കാരണം വച്ച് താങ്കള്‍ ശരിയാണ് എന്നര്‍ഥം ലവലേശം ഇല്ല.
താങ്കള്‍ക്ക് പരിശുദ്ധ റമദാനെ ചൊല്ലിയോ , പരിശുദ്ധ ഖുറാനെ കുറിച്ചോ എന്തു സംശയം ഉണ്ടേലും ചോദിയ്ക്കാന്‍ മടിക്കണ്ട , എന്നാലാവുന്നപോലെ പറഞ്ഞുതരാം .