സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ഇടതുസർക്കാർ ചെയ്യാൻ ശ്രമിച്ചതിന്റെ തനിയാവർത്തനമാണ് കീഴാറ്റൂരിലും കാണുന്നത്. അതിനെ പ്രതിരോധിക്കലാണ് കേരളം കീഴാറ്റൂരിലേക്ക് എന്ന മാർച്ചിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലുടനീളം നടക്കുന്ന പാരിസ്ഥിതിക സമരങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയായിരിക്കും കീഴാറ്റൂർ എക്‌സ്പ്രസ്സ്.
കീഴാറ്റൂരിൽ ദേശീയപാത ബിഒടി ടോൾ പദ്ധതിക്കെതിരെ പോരാടുന്ന വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളം കീഴാറ്റൂരിലേക്ക്. മാർച്ച് 25 ന്റെ എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്സിനു കീഴാറ്റൂർ എക്‌സ്പ്രസ്സ് എന്ന് നാമകരണം ചെയ്താണ് സാമൂഹ്യപ്രവർത്തകർ കീഴാറ്റൂരിലെത്തുന്നത്. പുറത്തുനിന്നുള്ളവരെ കീഴാറ്റൂരിലേക്ക് പ്രവേശിപ്പിക്കില്ല എന്ന സിപിഎം വെല്ലുവിളി നിലനിൽക്കുമ്പോഴാണ് പ്രവർത്തകർ അങ്ങോട്ടുനീങ്ങുന്നത്.
മുഖ്യമന്ത്രിതന്നെ അത്തരത്തിലുള്ള പ്രസ്താവനയാണ് നിയമസഭയിൽ നടത്തിയത്. കർഷകർ മാത്രമല്ല സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. കീഴാറ്റൂരിലേത് വയൽകിളികളല്ല, കഴുകന്മാരാണെന്നാണ് മന്ത്രി ജി സുധാകരന്റെ വ്യാഖ്യാനം. സാർവദേശീയതയെ കുറിച്ച് സംസാരിച്ചിരുന്ന മാർക്‌സിന്റേയും ക്യൂബക്കുശേഷം ബൊളീവിയയിലെത്തി രക്തസാക്ഷിയായ ചെയുടേയും എവിടെ പോരാട്ടമുണ്ടോ അവിടെ പാഞ്ഞെത്തിയിരുന്ന എകെജിയുടേയും പിൻഗാമികളാണ് കീഴാറ്റൂർകാരല്ല, കർഷകരല്ല സമരം ചെയ്യുന്നതെന്ന പ്രചാരണം നടത്തുന്നത്. അടുത്തയിടെ മഹാരാഷ്ട്രയിലെ കർഷകസമരത്തിൽ പങ്കെടുത്ത മലയാളിയായ ഡോക്ടറെ പൊക്കിപ്പിടിച്ചു നടക്കുന്നവർ..! തങ്ങൾ മാത്രമാണ് സമരങ്ങൾ ചെയ്യാനവകാശമുള്ളവരെന്നും ഏതുസമരവും ശരിയോ തെറ്റോ എന്നു തീരുമാനിക്കാനുള്ള അവകാശമുളളവരെന്നും കരുതുന്ന ഒരു പ്രസ്ഥാനത്തെ അതർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം.
തങ്ങളുടെ കുടിവെള്ള സ്രോതസ്സായ, പരിസ്ഥിതി സന്തുലനത്തിന്റെ കലവറയായ നെൽവയലുകൾ നികത്തി ഇടതുപക്ഷം ശക്തിയായ എതിർക്കുന്ന നവലിബറൽ പദ്ധതിയായ ബി ഒ ടി റോഡ് അടിച്ചേൽപ്പിക്കുന്നതിനെതിരെ സമരം ചെയ്യുന്നത് സിപിഎം പ്രവർത്തകർ തന്നെയാണ്. അതാകട്ടെ പൂർണമായും ഒരു പാർട്ടി ഗ്രാമത്തിൽ. കീഴാറ്റൂർ എക്‌സ്പ്രസ്സ് വരുന്നതുപോലും മുമ്പു പാടം നികത്തി നിർമ്മിച്ച പാളങ്ങളിലൂടെയാണെന്നാണ് ഇവരുടെ മറ്റൊരു ആക്ഷേപം. ശരിയാണ് ഇന്നലെകളിൽ റോഡിനും റെയിലിനും വിമാനത്താവളങ്ങൾക്കും വ്യവസായങ്ങൾക്കുമൊക്കെയായി ഒരുപാട് വയലുകൾ നികത്തപ്പെട്ടിട്ടുണ്ട്. പലതും നിയന്ത്രിക്കേണ്ടതായിരുന്നു. അപ്പോഴും അന്ന് നോക്കെത്താ ദൂരത്തോളം വയലുകളുണ്ടായിരുന്നു. ഇന്നലെ ഭൂഗർഭ ജലം ഇത്രമാത്രം ശോഷിച്ചിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കണ്ടെത്തിയിരുന്നില്ല. 40 ഡിഗ്രി പകൽ താപനിലയും സൂര്യാഘാതവുമുണ്ടായിരുന്നില്ല. പുഴകളിത്രയും വരണ്ടിരുന്നില്ല. തണ്ണീർത്തട സംരക്ഷണ നിയമങ്ങളുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥ അതല്ലല്ലോ. ചരിത്രത്തിൽ നിന്നും അനുഭവങ്ങൡ നിന്നും പാഠം പഠിക്കുന്നതാണ വിവേകം എന്നുപോലും മാർക്‌സിന്റെ അനുയായികൾ എന്നവകാശപ്പെടുന്നവർക്ക് കഴിയാത്തതെന്താണാവോ? പണ്ട് മലവിസർജനം പറമ്പിലാണെന്ന ന്യായീകരണം നിരത്തി ഇന്നും അത് ആവർത്തിക്കാറില്ലല്ലോ. വാസ്തവത്തിൽ കീഴാറ്റൂർ ഒറ്റയല്ല. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്ന രീതിയിലുള്ള ഭേദഗതി ഓർഡിനൻസാണ് സർക്കാർ കൊണ്ടു വന്നിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള സമ്മതപത്രം കീഴാറ്റൂരിലെ കർഷകർ നൽകിയെന്ന പ്രചാരണമാണ് സമരത്തെ തകർക്കാൻ നടത്തുന്നത്. അതാകട്ടെ വയൽക്കിളികൾ നിഷേധിക്കുന്നു. വിഷയം കേവലം ഭൂഉടമകളുടെ സമ്മതത്തിന്റെയോ വിസമ്മതത്തിന്റെയോ മാത്രം പ്രശ്‌നമാണെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നത് തന്നെ തെറ്റാണ്. ഭൂഉടമയ്ക്ക് സമ്മതമാണെങ്കിൽ ആ ഭൂമിയിൽ എന്ത് പരിസ്ഥിതി വിരുദ്ധ പദ്ധതിയും നടപ്പിലാക്കാമോ? എങ്കിൽ തണ്ണീർത്തട -നെൽവയൽ സംരക്ഷണ നിയമത്തിന്റെയൊന്നും ആവശ്യമില്ലല്ലോ. എൽഡിഎഫിന്റെ പ്രകടനപത്രികക്കും ഒരു വിലയുമില്ലെന്നോ. വെറും 11 .5 ഏക്കർ ഭൂമി മാത്രമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്, ഇതിൽ അഞ്ചേക്കറിൽ താഴെ മാത്രമാണ് വയൽ എന്ന പ്രചാരണവും വ്യാപകമാണ്. അതിനും വയൽകിളികൾക്ക് മറുപടിയുണ്ട്.
കുപ്പം മുതൽ കുറ്റിക്കോൽ വരെ 5.7 കി മീ നീളത്തിലാണ് സ്ഥലമേറ്റെടുക്കേണ്ടത്. അടിയിൽ നിന്നും മണ്ണിട്ട് കെട്ടിപ്പൊക്കി മുകളിൽ 45 മീ വീതി വരുത്തണമെങ്കിൽ 60 മീറ്ററോളം വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടി വരും.അതായത് 86 ഏക്കർ ഏറ്റെടുക്കേണ്ടി വരും. ശേഷിക്കുന്ന ചെറിയ വീതി മാത്രമുള്ള വയലിൽ ലക്ഷക്കണക്കിനു ടൺ മണ്ണു വന്നു വീഴുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക വിനാശം ശേഷിക്കുന്ന ചെറിയ സ്ട്രിപ്പിലെ വയലിലെ കൃഷിയും അസാധ്യമാക്കും. ഈ നിലയിലാണ് 250 ഏക്കറോളം വയൽ നഷ്ടപ്പെടുമെന്ന് സമരസമിതി പറയുന്നത്. അതിന്റെ ഫലമായി നീരൊഴുക്ക് നിലക്കുകയും വിളവ് കുറയുകയും ചെയ്യും. നിലവിലുള്ള നാഷണൽ ഹൈവേയിൽ ചിറവക്ക് മുതൽ ഏഴാംമൈൽ വരെ ഒരു ലഹല്മലേറ പാത പണിയുകയാണെങ്കിൽ ആരെയും കടിയൊഴിപ്പിക്കാതെ സ്ഥലമേറ്റെടുക്കാതെ വയലും തോടും തണ്ണീർതടങ്ങളുമൊന്നും നശിപ്പിക്കാത്ത റോഡ് പണിയാമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പോലും ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. 'വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളിൽനിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോൽ നീർത്തടത്തിലെ പ്രധാന ഭാഗമാണിത്. വർഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തിൽ മിക്കഭാഗത്തും വെള്ളം കെട്ടിനിൽക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗർഭജലത്തിന്റെ റീ ചാർജിങ് ആണ് ഇരുകരകളിലും കിണറുകളിൽ വെള്ളമെത്തിക്കുന്നത്. സവിശേഷമായ ഭൂപ്രകൃതിമൂലം ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസ വ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിർമിതികൾ വരുന്നത് ഈ വയൽപ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.' എന്നിങ്ങനെ പോകുന്നു പരിഷത്തിന്റെ പഠനം. അതുപോലും സർക്കാർ പരിഗണിക്കുന്നില്ല. 10 വർഷത്തിനുശേഷമുണ്ടാകുമെന്ന വാഹനപെരുപ്പത്തിന്റെ പേരിലാണ് നെയൽവയലുകൾക്കും ഭൂമിക്കും ചരമഗീതമൊരുക്കുന്നത്. വാസ്തവത്തിൽ ഇക്കാലയളവിനുള്ളിൽ കുടിവെള്ളസ്രോതസ്സുകളും വയലേലകളും സംരക്ഷിച്ചും വാഹനപ്പെരുപ്പമടക്കമുള്ള 'വികസന' പദ്ധതികളെല്ലാം അതിനനുസരിച്ച് തയ്യാറാക്കാനുമാണ് വിവേകമുള്ള സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ വിനാശമാണ് നമ്മുടെ വികസന അജണ്ട എന്ന യാഥാർത്ഥ്യമാണ് വീണ്ടും വീണ്ടും പുറത്തുവരുന്നത്.
സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ഇടതുസർക്കാർ ചെയ്യാൻ ശ്രമിച്ചതിന്റെ തനിയാവർത്തനമാണ് കീഴാറ്റൂരിലും കാണുന്നത്. അതിനെ പ്രതിരോധിക്കലാണ് കേരളം കീഴാറ്റൂരിലേക്ക് എന്ന മാർച്ചിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലുടനീളം നടക്കുന്ന പാരിസ്ഥിതിക സമരങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയായിരിക്കും കീഴാറ്റൂർ എക്‌സ്പ്രസ്സ്.