കൊച്ചി- അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ ശ്രീനിവാസൻ. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മുറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് ചില മാധ്യമങ്ങളുടെ വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയും ചെയ്തു. ഇത് താരത്തിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും നിർമാതാവുമായ മനോജ് രാംസിംഗിനോട് ശ്രീനിവാസൻ സംസാരിച്ചുവെന്ന് സിനിമ നിർമാതാവ് ബാദുഷ വ്യക്തമാക്കി.
ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മരിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം?. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജ ത്തോടെയും ഓജ സോടെയുമാണ്.!
ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലർന്ന മറുപടി. വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങൾ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടൻ എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.!