റിയാദ് - ഏഴു വർഷമായി തുടരുന്ന യെമൻ സംഘർഷത്തിന് അറുതിയുണ്ടാക്കാനും സമഗ്ര രാഷ്ട്രീയ പരിഹാരത്തിന് വഴിയൊരുക്കാനും ശ്രമിച്ച് യെമനിൽ അധികാര കൈമാറ്റം. ഭരണം കൈയാളുന്നതിന് പുതിയ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ രൂപീകരിച്ച യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി പ്രസിഡന്റിന്റെ അധികാരങ്ങളെല്ലാം പുതിയ കൗൺസിലിന് കൈമാറി. യെമൻ വൈസ് പ്രസിഡന്റ് അലി മുഹ്‌സിൻ അൽഅഹ്‌മറിനെ പദവിയിൽ നിന്ന് നീക്കി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അധികാരങ്ങളെല്ലാം പുതിയ കൗൺസിൽ വഹിക്കും.
അബ്ദുറബ്ബ് മൻസൂർ ഹാദി പത്തു വർഷത്തിനു ശേഷമാണ് പ്രസിഡന്റ് പദവി ഉപേക്ഷിക്കുന്നത്. അറബ് വസന്തമെന്ന പേരിൽ അറിയപ്പെട്ട, അറബ് ലോകത്ത് ആഞ്ഞുവീശിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി യെമനിൽ അരങ്ങേറിയ അധികാരം ഒഴിയാൻ അലി സ്വാലിഹ് നിർബന്ധിതനായതോടെ ഗൾഫ് സമാധാന പദ്ധതി പ്രകാരം പൊതുസമ്മതനായ പ്രസിഡന്റ് എന്നോണമാണ് അബ്ദുറബ്ബ് മൻസൂർ ഹാദി അധികാരമേറ്റത്. 2014 അവസാനത്തിൽ ഹൂത്തികൾ അട്ടമറിയിലൂടെ അധികാരം പിടിച്ചടക്കിയതോടെ അബ്ദുറബ്ബ് മൻസൂർ ഹാദിയും മന്ത്രിസഭാംഗങ്ങളും സൻആ വിടുകയും പിന്നീട് ഏദൻ ആസ്ഥാനമായി ഭരണം നടത്തുകയുമായിരുന്നു.
ഇടക്കാല ഭരണ കാലത്ത് രാഷ്ട്രീയ, സുരക്ഷാ, സൈനിക തലങ്ങളിൽ ഭരണം നടത്തുന്ന ചുമതല പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ വഹിക്കുമെന്ന് പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹൂത്തികളുമായി ചർച്ചകൾ നടത്തുന്ന ചുമതലയും പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനാണ്. റശാദ് മുഹമ്മദ് അൽഅലീമിയാണ് പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ്. സുൽത്താൻ അൽഅറാദ, താരിഖ് സ്വാലിഹ്, അബ്ദുറഹ്‌മാൻ അബൂസർഅ, അബ്ദുല്ല അൽഅലീമി, ഉസ്മാൻ മജലി, ഐദ്രോസ് അൽസുബൈദി, ഫറജ് അൽബഹ്‌സനി എന്നീ ഏഴു പേർ കൗൺസിൽ അംഗങ്ങളാണ്. ഇടക്കാല ഭരണ ഘട്ടത്തിന്റെ ദൗത്യങ്ങൾ പൂർത്തിയാക്കാനാണ് പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ സ്ഥാപിച്ചതെന്ന് യെമൻ പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.