Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ശക്തമായ വേനൽ മഴ; വ്യാപക കൃഷി നാശം

തിരുവനന്തപുരം- വേനൽ ചൂടിനെ കുളിരണിയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. മധ്യകേരളത്തിൽ ശക്തമായമായകാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശമുണ്ടായി.
ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയും കാറ്റും മണിക്കൂറുകളോളം നീണ്ടുനിന്നു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു. എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി.
ഇന്റർനെറ്റ് സംവിധാനങ്ങളെയും മഴബാധിച്ചു. ശക്തമായ കാറ്റിൽ  കൃഷിനാശമുണ്ടായി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. തട്ടേക്കാട് കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മരങ്ങൾ വീണ് ഇലക്ട്രിസിറ്റി തടസ്സപ്പെട്ടു. 
സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി നിശ്ചലമായി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു. മലയോര മേഖലകളിലും കാറ്റും മഴയും ശക്തമായിരുന്നു. കൂരാച്ചുണ്ട് മേഖലയിൽ മരങ്ങൾ കടപുഴകി. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് മത്സരങ്ങൾ നിർത്തിവെച്ചു. കാലിക്കറ്റ് സർവകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിർത്തിവെച്ചത്. മൈതാനത്ത് നിർമിച്ചിരുന്ന പന്തൽ കാറ്റിൽ തകർന്നു.
ആലപ്പുഴ മാവേലിക്കരയിലാണ് കൂടുതൽ മഴ ലഭിച്ചത്. മൂന്ന് മണിക്കൂറിലേറെനേരെ കാറ്റും മഴയും ഉണ്ടായി. ഇവിടെ 50.8 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ജില്ലയിൽ മങ്കൊമ്പിലും കായംകുളത്തും ശക്തമായ മഴ ലഭിച്ചു. കൊല്ലത്ത് പുനലൂരിൽ 27.6 മില്ലീമീറ്റർ മഴ ലഭിച്ചു. പെരുമ്പാവൂരിൽ 11 മില്ലീമീറ്റർ മഴയാണ് ഇന്നലെ ലഭിച്ചത്. മധ്യകേരളത്തിലാണ് മഴകൂടുതലായിലഭിച്ചത്.
ഞായറാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പത്തനംതിട്ട എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ കോ മോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴക്ക് കാരണം. അടുത്ത ദിവസങ്ങളിലും ഉച്ചക്ക് ശേഷം സമാനമായി മഴ ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത  മഴക്ക് സാധ്യതയുണ്ട്. ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ഇതും മഴക്ക് കാരണമാകും. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. 

Latest News