കൊച്ചി- നടൻ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം വീണ്ടും നിയമനടപടികളിലേക്ക്. സർക്കാർ തീരുമാനത്തിന് എതിരായ ഹർജി പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ഹർജിക്കാരുടെ തീരുമാനം. ഏലൂർ സ്വദേശി എഎ പൗലോസും വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ റാന്നി സ്വദേശി ജയിംസ് മാത്യുവുമാണ് ഹർജിക്കാർ.
ആനക്കൊമ്പ് കേസിൽ ഉൾപ്പെട്ടത് പൊതുപണം അല്ലെന്നും അതിനാൽ ഹർജിക്കാരുടെ വാദം പരിഗണേക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. ഹർജികളിൽ നടപടി തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും സർക്കാർ വാദിച്ചു. ഇത് അംഗീകരിച്ചായിരുന്നു കോടതി ഹർജികൾ തള്ളിയത്.
അതേസമയം, നടൻ മോഹൻലാലിന് അനധികൃത ആനക്കൊമ്പുകൾ കൈവശംവെയ്ക്കാൻ അനുമതി നൽകിയതിനെതിരായ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു. മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾ അനധികൃതമാണെന്ന് കണ്ടെത്തിയ ശേഷം മുൻകാല പ്രാബല്യത്തോടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയ മുഖ്യവനപാലകന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹൈക്കോടതിയിലെ ഹർജി. മോഹൻലാൽ ഒന്നാം പ്രതിയായി പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിൽ തീരുമാനമായ ശേഷം ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം. ഇതിനൊപ്പമാണ് പുതിയ അപ്പീൽ ഹർജി ഹൈക്കോടതിയിൽ വരാൻ പോകുന്നത്.