Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ പ്രവാസികള്‍ക്ക് സുവര്‍ണാവസരം

 വിദഗ്ധ തൊഴിലാളികൾക്ക് രണ്ടു പാർട്ട് ടൈം ജോലികൾ വരെ ചെയ്യാം

അബൂദാബി - യു.എ.ഇയിൽ യുണിവേഴ്‌സിറ്റി ബിരുദമുള്ളവരും പ്രൊഫഷണലുകളുമായ വിദഗ്ധ തൊഴിലാളികൾക്ക് അവരുടെ മുഖ്യ ജോലിക്കു പുറമെ രണ്ടു പാർട്ട് ടൈം ജോലികൾ വരെ ചെയ്യാൻ സർക്കാർ അനുമതി നൽകി. ഡോക്ടർമാർ, പ്രൊഫസർമാർ, എഞ്ചിനീയർമാർ, കൺസൽട്ടന്റുകൾ, മാധ്യമപ്രവർത്തകർ, അധ്യാപകർ, മാനേജർമാർ തുടങ്ങി നിരവധി ഉന്നത ഉദ്യോഗങ്ങൾ വഹിക്കുന്നവർക്കാണ് ഈ അവസരം. രണ്ടു ജോലികൾ ചെയ്യാൻ അവസരമുണ്ടെന്നു വച്ച് ഒരു വിദഗ്ധ തൊഴിലാക്കിക്ക് ഒരു ദിവസം എട്ടു മണിക്കൂറും ആഴചയിൽ 48 മണിക്കൂറും ജോലി ചെയ്യാനേ അനുമതിയുളളൂവെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഉമർ അബ്ദുൽ റഹ്മാൻ അൽ നുഐമി അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിൽ ചുരുങ്ങിയത് ഒരു ദിവസം വിശ്രമം നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഇളവ് ലക്ഷക്കണക്കിന് പ്രവാസികൾക്ക് മികച്ച അവസരമാണ് തുറന്നിട്ടിരിക്കുന്നത്. നിലവിലുള്ള തൊഴിൽ സംവിധാനങ്ങൾക്കൊപ്പം നടപ്പിലാക്കിയിരിക്കുന്ന പാർട്ട് ടൈം തൊഴിലവസരം ഉപയോഗപ്പെടുത്തി നിശ്ചിതകാല, അനിശ്ചിതകാല കരാറുകളുടെ അടിസ്ഥാനത്തിൽ വിദഗ്ദധർക്കു ജോലി ചെയ്യാം. ഒരു കമ്പനിയുടെ വീസയിൽ ജോലി ചെയ്യുമ്പോൾ തന്നെ അതിനു ഭംഗം വരാത്ത രീതിയിൽ മറ്റൊരു കമ്പനിയുമായി പാർട് ടൈം തൊഴിൽ കരാറിലേപ്പെടാം.

സ്വദേശികളോ വിദേശികളോ ആയ യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരേയും അതിനു മുകളിൽ യോഗ്യതയുള്ളവരേയും ഏതെങ്കിലും മേഖലയിൽ ഡിപ്ലോമ ഉള്ളവരേയും പാർട് ടൈം തൊഴിൽ കരാർ അടിസ്ഥാനത്തിൽ കമ്പനികൾക്ക് ജോലിക്കെടുക്കാമെന്ന് മാനവശേഷ മന്ത്രി നാസർ ബിൻ താനി അൽ ഹമേലി ഒപ്പു വച്ച ഉത്തരവിൽ പറയുന്നു. യഥാർത്ഥ തൊഴിലുടമ/കമ്പനിയുടെ അനുമതിയുണ്ടെങ്കിൽ രണ്ടു പാർട് ടൈം ജോലികൾ വരെ ചെയ്യാൻ ഈ വ്യവസ്ഥ അനുവദിക്കുന്നു.

അതേസമയം നിലവിലുള്ള തൊഴിൽ കരാറുകൾ കാലാവധി തീരുന്നതിനു മുമ്പ് പാർട് ടൈം ജോലി ആയോ പാർട് ടൈം ജോലി കരാർ മുഖ്യ ജോലി ആയോ മാറ്റാൻ കഴിയില്ല. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും സ്വതന്ത്രമായി സൗകര്യത്തിനനുസരിച്ച് ഇവര തെരഞ്ഞെടുക്കാം.

സാധാരണ തൊഴിൽ കരാറുകൾക്കു ബാധകമായ അതേ ചട്ടങ്ങളും പിഴകളും പാർട്ട് ടൈം ജോലി കരാറുകൾക്കും ബാധകമായിരിക്കും. തൊഴിലാളികളുടെ വാർഷിക അവധി, സേവന ആനുകൂല്യങ്ങൾ, തൊഴിൽ ചെയ്യുന്ന സമയത്തിനും ശമ്പളത്തിനും ആനുപാതികമായുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ തുടങ്ങിയവ രണ്ടു തൊഴിലുടമകളും പാലിച്ചിരിക്കണം. മന്ത്രായത്തിന്റെ ചട്ടങ്ങൾ അനുസരിച്ചുള്ള തൊഴിൽ അന്തരീക്ഷവും ഇവർക്ക് ഉറപ്പുവരുത്തണം. തൊഴിലാളികളുടെ സമ്മതമില്ലാതെ നിശ്ചിത സമയ പരിധിക്കപ്പുറം ജോലി ചെയ്യിക്കാൻ പാടില്ല. നിലവിൽ ചെയ്യുന്ന ജോലിക്ക് സമാനമായ പാർട് ജോലി മറ്റൊരു സ്ഥാപനത്തിനു വേണ്ടി നിയമപ്രകാരം ചെയ്യുന്നതിൽ നിന്നും തൊഴിലാളിയെ കമ്പനി തടയാൻ പാടില്ല. ഇതിനു കോടതിയുടെ അനുമതി വേണം.     

രാജ്യത്തിനു പുറത്തുനിന്ന് തൊഴിലാളികളെ കണ്ടെത്തുന്നതിനു പകരം തൊഴിലുടമകൾക്കും കമ്പനികൾക്കും രാജ്യത്ത് ലഭ്യമായ തൊഴിൽ സേനയെ പരമാവധി ഉപയോഗപ്പെടുത്താൻ ഇത് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയിലെ ഉൽപ്പാദനക്ഷമതയും വൈദഗ്ധ്യവും നിലനിർത്തുന്നതിനും ഈ സംവിധാനം സഹായിക്കും.

ആർക്കൊക്കെ പാർട് ടൈം ജോലി ചെയ്യാം? 

യു.എ.ഇ മാനവശേഷി മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സ്‌കിൽ ലെവൽ ഒന്ന്, സ്‌കിൽ ലെവൽ രണ്ട് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദഗ്ധർക്കാണ് ഈ അവസരം.
സ്‌കിൽ ലെവൽ ബോർഡ് ചെയർമാൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ജനറൽ മാനേജർ, പ്രൊഫസർ, മാർക്കറ്റിങ് മാനേജർ, സെയ്ൽസ് മാനേജർ, ഹോട്ടൽ മാനേജർ, കെമിസ്റ്റ്, ഫിസിസ്റ്റ്, സിസറ്റം അനലിസ്റ്റ്, ജിയോളജിസ്റ്റ്, സ്റ്റാറ്റിസ്റ്റീഷ്യൻ, ഐടി കൺസൽട്ടന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനിങ് എഞ്ചിനീയേഴ്‌സ്, സിവിൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇന്റീരിയൽ ഡിസൈൻ എഞ്ചിനീയർമാർ, ഷിപ് ക്യാപ്റ്റൻ, ഡോക്ടർ, ഫാർമസിസ്റ്റ്, വെറ്ററിനേറിയൻ, അധ്യാപകർ, ഗവേഷകർ, ജഡ്ജിമാർ, നിയമ ഗവേഷകർ, മാധ്യമപ്രവർത്തകർ, ഇന്റർപ്രറ്റർ, ലൈബ്രേറിയൻ, മുസിഷ്യൻ
സ്‌കിൽ ലെവൽ 2 ടെക്‌നീഷ്യൻസ്, സർവേയർ, ടെക്‌നിക്കൽ കൺട്രോളർ, എയർ കൺട്രോളർ, സീ കൺട്രോളർ, നഴ്‌സുമാർ, മേസിയർ, ഓർത്തോപീഡിക് ഫിസിയോതെറപിസ്റ്റ്, ഒക്കുപേഷണൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ, ആയമാർ, ഡെന്റൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ് അസിസ്റ്റന്റ്, അക്യുപങ്ചർ ടെക്‌നീഷ്യൻ, റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർ.
 

Latest News