ഇടുക്കി- സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാക്കളെ കാറിടിച്ചശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കട്ടേക്കാനം വൈശ്യംപറമ്പില്‍ സജു (36), ചക്കക്കാനത്തില്‍ സുബാഷ് (35), കോമ്പമുക്ക് ബ്ലോക്ക് നമ്പര്‍ 805-ല്‍ ശ്യാംകുമാര്‍ (32) എന്നിവരെയാണ് കമ്പംമെട്ട് സി.ഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൂട്ടാറിലാണ് സംഭവം നടന്നത്.
കൂട്ടാര്‍ ചെമ്പകക്കാട്ട് അഖില്‍ (22) ആണ് നെഞ്ചില്‍ കുത്തേറ്റത്. അഖിലിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നെടുമ്പള്ളില്‍ അരുണിന് കമ്പിവടികൊണ്ട് മര്‍ദനമേറ്റിരുന്നു. കേസില്‍ സജുവാണ് ഒന്നാം പ്രതി.
യുവാക്കളെ മര്‍ദിക്കാന്‍ ഇവരും സഹായിച്ചതായി പോലീസ് പറഞ്ഞു. യുവാവിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേലമൂട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച ഞായറാഴ്ച രാത്രി ഗാനമേള നടന്നിരുന്നു. അഖിലും സുഹൃത്തുക്കളായ അരുണ്‍, അരവിന്ദ്, വിഷ്ണു എന്നിവര്‍ ഗാനമേള കേള്‍ക്കാനായി എത്തിയിരുന്നു.
ഗാനമേള നടക്കുന്ന സ്ഥലത്ത് സജുവും, യുവാക്കളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു സംഭവം.