കോഴിക്കോട്-കണ്ണൂർ റോഡിൽ കോവിഡിനെ തുടർന്നുണ്ടായ വാഹനപ്പെരുപ്പം കൂടിയാണ് മുഖ്യമന്ത്രി പറഞ്ഞ സമയക്കൂടുതലിന് കാരണമാവുന്നത്. അതേസമയം ഇതിന് പരിഹാരമായി വരുന്ന കെ. റെയിലിലെ യാത്രാ നിരക്ക് കേട്ടാൽ ആലപ്പുഴയിൽ അപ്പത്തിനും മുട്ടക്കറിക്കും 180 രൂപ കൊടുത്ത് അസ്വസ്ഥനായ എം.എൽ.എ വരെ ഞെട്ടുമെന്നതിൽ സംശയമില്ല. കെ.റെയിലിന് സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വൻതുക നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ടെ ചടങ്ങിൽ പറയുകയുണ്ടായി. നിലവിലെ നിരക്കല്ല, രണ്ടിരട്ടിയും അതിനു മേലെയും കിട്ടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ, ഇതേവരെ പ്രചരിപ്പിച്ച നാലിരട്ടിയിൽ നിന്ന് കെ.റെയിലുകാർ പിന്നോട്ട് പോയോ?
മലബാറിലെ മാധ്യമ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷ നിറവിലാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കേരളത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രസ് ക്ലബാണ് കോഴിക്കോട്ടേത്. 25 വർഷം മുമ്പ് സിൽവർ ജൂബിലി ആഘോഷിച്ചപ്പോൾ ഇരുന്നൂറ് അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് അഞ്ഞൂറ് കവിഞ്ഞിട്ടുണ്ടാവും. ഏറ്റവും കൂടുതൽ അച്ചടി മാധ്യമങ്ങളിറങ്ങുന്ന സ്ഥലമെന്ന സവിശേഷത കൂടിയുള്ളതുകൊണ്ടാവും കോഴിക്കോട്ട് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടായത്. സ്വാതന്ത്യ സമര വീര്യത്തിന് ആവേശം പകർന്ന മാതൃഭൂമി പത്രം ഇപ്പോൾ ശതാബ്ദിയുടെ മധുരത്തിലാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ ആദ്യമായി അച്ചടി മഷി പുരണ്ടതും ഇതേ നഗരത്തിൽ തന്നെ. കാലിക്കറ്റ് പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷിച്ച വേളയിൽ 90 കളിൽ പിണറായി വിജയൻ കേരളത്തിന്റെ വൈദ്യുതി മന്ത്രിയായിരുന്നു. വൈദ്യുതി മന്ത്രിയുടെ പത്രസമ്മേളനമെന്നാൽ നിരക്ക് വർധന പ്രഖ്യാപിക്കാനെന്ന ധാരണ നിലനിൽക്കേയാണ് അന്ന് പിണറായി വിജയൻ കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളനം നടത്താനെത്തിയത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും വൈദ്യുതി വകുപ്പ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിനെത്തിയത്. മന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചപ്പോൾ അവസാന വരിയിൽ വൈദ്യുതി നിരക്ക് എത്ര കണ്ട് പരിഷ്‌കരിച്ചുവെന്നറിയാൻ തെരഞ്ഞവർക്കെല്ലാം നിരാശയായിരുന്നു. ഉപഭോക്താക്കളുടെ ജീവിത ഭാരം കൂട്ടാനായി വൈദ്യുതി നിരക്ക് കൂടി വർധിപ്പിക്കാനായിരുന്നില്ല പത്രസമ്മേളനം. വൈദ്യുതി പ്രസരണ ശേഷി കൂട്ടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും വോൾട്ടേജ് ക്ഷാമം ഇല്ലാതാക്കാനുള്ള പദ്ധതികളും വിവരിച്ച പത്രക്കുറിപ്പിൽ ബോർഡിന്റെ മറ്റു വികസന പദ്ധതികളും പ്രതിപാദിച്ചു.
കാൽ നൂറ്റാണ്ടിനിപ്പുറം പിണറായി വിജയൻ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സമ്മേളന വേദിയും പരിസരവുമെല്ലാം ശക്തമായ പോലീസ് സാന്നിധ്യം. മെറ്റൽ ഡിറ്റക്ടറിലൂടെയല്ലാതെ ഹാളിൽ ആരെയും പ്രവേശിപ്പിക്കുന്നില്ല. തലേ ദിവസം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ഒരു ചടങ്ങ് നഗരത്തിലെ അളകാപുരി ഹോട്ടലിൽ നടന്നിരുന്നു. മുസ്‌ലിം ലീഗ് നേതാവ് എസ്.വി. ഉസ്മാൻ കോയയുടെ അഭിഭാഷക വൃത്തിയുടെ അമ്പതാം വർഷത്തോടനുബന്ധിച്ചുള്ള പൗരാവലിയുടെ ആദരം. ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. കോൺഗ്രസ്. സി.പി.എം, ലീഗ്, ബി.ജെ.പി പാർട്ടികളുടെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന മന്ത്രിമാർ സംബന്ധിക്കുന്ന ചടങ്ങുകളെ നിഷ്പ്രഭമാക്കും വിധമാണ് നഗരത്തിലരങ്ങേറുന്ന ഗോവ ഗവർണറുടെ സാന്നിധ്യമുള്ള പരിപാടികൾ. വേദിക്കടുത്ത് പോലീസ് വ്യൂഹം നേരത്തേ സ്ഥാനം പിടിക്കും. സുരക്ഷാ പരിശോധനയിലും വിട്ടുവീഴ്ചയില്ല. ആംബുലൻസുകളുൾപ്പെടെ എല്ലാം വേദിക്കടുത്തുണ്ടാവും. മാത്രമല്ല. ഗവർണർ സംബന്ധിക്കുന്ന പരിപാടിയാവുമ്പോൾ സമയക്രമം, ആരോക്കെ പ്രസംഗിക്കും എന്നീ കാര്യങ്ങൾ നേരത്തേ ഇന്റലിജൻസ് വിഭാഗങ്ങൾക്ക് കൈമാറേണ്ടതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് അതിശക്തനായി രണ്ടാമതുമെത്തിയ മുഖ്യമന്ത്രിയുടെ പ്രസ് ക്ലബ് ചടങ്ങും ഏതാണ്ട് ഇതേ പ്രതീതി സൃഷ്ടിച്ചിരുന്നുവെന്നത് വേറെ കാര്യം. സദസ്സിന്റെ പ്രത്യേകത സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ സാന്നിധ്യമാണ്. അതുകൊണ്ടു തന്നെ പറയാനുള്ളതെല്ലാം തുറന്നു പറയാനുള്ള ഏറ്റവും മികച്ച സന്ദർഭം. ടെലിവിഷൻ ചാനൽ അവതാരകനും ട്രേഡ് യൂനിയൻ നേതാവുമായുള്ള തർക്കം വരെ അദ്ദേഹം പരാമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നഗരത്തിൽ തിരക്കേറിയ ദിവസമായിരുന്നു ശനിയാഴ്ച. എന്നിട്ടും അദ്ദേഹം ആശീർവാദ് എ.സി കൺവെൻഷൻ സെന്ററിലെ പരിപാടിയിൽ ഒരു മണിക്കൂറോളം സംസാരിച്ചു.
കോഴിക്കോട്ടു നിന്നുള്ള രണ്ട് മന്ത്രിമാർ വേറെയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുദീർഘ പ്രസംഗത്തിന് കണക്കു തീർക്കലിന്റെ ധ്വനിയുണ്ടായിരുന്നു ചിലപ്പോഴൊക്കെ. നിങ്ങളിൽ ചിലർ കരുതുന്നുണ്ടാവും, നിങ്ങളെന്തെങ്കിലും തീരുമാനിച്ചുറച്ചാൽ അതേ പോലെ മാത്രമേ ജനം പെരുമാറുകയുള്ളൂവെന്ന്. എന്നിട്ടിപ്പോഴെന്തായി? ആ ധാരണ ശരിയായിരുന്നുവെങ്കിൽ നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാനിവിടെ എത്തുമായിരുന്നുവോ? റഷ്യ ഉക്രൈനെ ആക്രമിച്ചാൽ അത് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനെ സംബന്ധിച്ചിടത്തോളം വെറും സൈനിക നടപടി മാത്രമാണ്. അതേ പോലെയാണ് സി.പി.എമ്മിൽ ഗ്രൂപ്പിസം വന്നാലും. ഒരുവിധപ്പെട്ട മാധ്യമങ്ങളൊന്നും ഗ്രൂപ്പിസം, ഭിന്നത എന്നീ വാക്കുകൾ പ്രയോഗിക്കാറേയില്ല. വിഭാഗീയത എന്ന മുന്തിയ വാക്കാണ് ഇതിനായി പ്രയോഗിച്ചിരുന്നത്. ഏതായാലും വിഭാഗീയത പണ്ടാരമടങ്ങിയ കാലമാണിത്. വലിയൊരു വിഭാഗം മാധ്യമങ്ങളുടെയും ബുജികളുടെയും വിഗ്രഹമായിരുന്നു ഭരണ പരിഷ്‌കരണ കമ്മീഷൻ അധ്യക്ഷനായിരുന്ന മഹാൻ. അങ്ങിനെയുള്ള സൂക്കേടുകാരെല്ലാം ഒരു വഴിക്കായി. സി.പി.എമ്മിലെ വിഭാഗീയ രോഗം ഏതാണ്ട് ഭേദമായ അവസ്ഥയാണിപ്പോൾ. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഇതിന്റെ ആവേശവും പ്രതിഫലിക്കുന്നുണ്ടായിരുന്നു.
രാജ്യത്തിന്റെ വികസന പ്രക്രിയയിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ കുറിച്ച് ചടങ്ങിൽ മുഖ്യമന്ത്രി വിശദമായി പ്രതിപാദിച്ചു. സോഷ്യൽ സ്റ്റഡീസ് പുസ്തകങ്ങളിൽ വായിച്ചു മറന്ന പഞ്ചവത്സര പദ്ധതികളെപ്പറ്റി അദ്ദേഹം പ്രതിപാദിച്ചു. കേന്ദ്ര സർക്കാർ ഇതു നടപ്പാക്കിയത് അച്ചടി മാധ്യമങ്ങളുടെ പിന്തുണയോടെയാണ്. പത്രങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് ഭീലായ് സ്റ്റീൽ പ്ലാന്റ് എന്ന കൂറ്റൻ പദ്ധതി യാഥാർഥ്യമായത്. മുഖവുരയായി മുഖ്യമന്ത്രി ഇതു പറഞ്ഞത് കേരളത്തിലെ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും സിൽവർ ലൈൻ പദ്ധതിയെ പിന്തുണയ്ക്കണമെന്ന് പറയാനാണ്. അതിനായി പ്രസംഗത്തിനിടെ തലശ്ശേരിയിലെ സുഹൃത്ത് കോഴിക്കോട്ടെത്താൻ റോഡിൽ മൂന്ന് മണിക്കൂർ വേണ്ടിവരുന്നുവെന്ന് പറഞ്ഞത് ഉദ്ധരിക്കുകയുണ്ടായി. ഇതിലും കുറച്ചു മുമ്പ് നാല് മണിക്കൂർ റോഡിൽ വേണ്ടിവന്നുവെന്ന് മറ്റൊരു സുഹൃത്ത് പറഞ്ഞ കാര്യവും മുഖ്യമന്ത്രി അനുസ്മരിച്ചു. ഈ പറഞ്ഞത് വസ്തുതയാണ്. സംശയമില്ല. തലശ്ശേരി-കോഴിക്കോട് 67 കിലോ മീറ്റർ ദൂരം താണ്ടാൻ റോഡിൽ മൂന്നും നാലും മണിക്കൂർ വേണ്ടിവരുന്നുണ്ട്. പ്രത്യേകിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഫണ്ടനുവദിച്ച് ദേശീയ പാത വികസനം തുടങ്ങിയതോടെ റോഡിൽ സമയം കൂടുതൽ വേണ്ടിവരുന്നു. പണി പൂർത്തിയായാൽ പലേടത്തും ടോൾ കൊടുക്കേണ്ടി വരുമെങ്കിലും സമയം നേർപാതിയായെങ്കിലും കുറക്കാനാവും. പക്ഷേ, മുഖ്യമന്ത്രിയുടെ ഉദാഹരണം പാളിപ്പോയെന്ന് പറയാതെ നിർവാഹമില്ല. തലശ്ശേരിയിൽ നിന്ന് നിലവിലെ എക്‌സ്പ്രസ് ട്രെയിൻ മുക്കാൽ മണിക്കൂർ കൊണ്ട് കോഴിക്കോട്ടെത്തും.
വടകരയിൽ സ്‌റ്റോപ്പില്ലെങ്കിൽ അത്രയും സമയം ആവശ്യമില്ല. കേരളത്തിലെ സ്വകാര്യ ബസിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്നവയാണ് റിസർവ് ചെയ്യാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് ട്രെയിനുകൾ. വടകര-കോഴിക്കോട് റൂട്ടിൽ (47 കി.മീ) പ്രൈവറ്റ് ബസിൽ യാത്ര ചെയ്യാൻ അമ്പത് രൂപ വേണ്ടിടത്ത് എക്‌സ്പ്രസ് ട്രെയിനിന്റെ നിരക്ക് മുപ്പത് രൂപ മാത്രം. വെറുതെയല്ല ട്രെയിൻ സർവീസുകൾ ഇത്രയും ജനകീയമായത്. കോഴിക്കോട്-കണ്ണൂർ റോഡിൽ കോവിഡിനെ തുടർന്നുണ്ടായ വാഹനപ്പെരുപ്പം കൂടിയാണ് മുഖ്യമന്ത്രി പറഞ്ഞ സമയക്കൂടുതലിന് കാരണമാവുന്നത്. അതേസമയം ഇതിന് പരിഹാരമായി വരുന്ന കെ. റെയിലിലെ യാത്രാ നിരക്ക് കേട്ടാൽ ആലപ്പുഴയിൽ അപ്പത്തിനും മുട്ടക്കറിക്കും 180 രൂപ കൊടുത്ത് അസ്വസ്ഥനായ എം.എൽ.എ വരെ ഞെട്ടുമെന്നതിൽ സംശയമില്ല. കെ.റെയിലിന് സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വൻതുക നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ടെ ചടങ്ങിൽ പറയുകയുണ്ടായി. നിലവിലെ നിരക്കല്ല, രണ്ടിരട്ടിയും അതിനു മേലെയും കിട്ടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ, ഇതേവരെ പ്രചരിപ്പിച്ച നാലിരട്ടിയിൽ നിന്ന് കെ.റെയിലുകാർ പിന്നോട്ട് പോയോ?