കല്‍പറ്റ - മാനന്തവാടിയില്‍ ആര്‍.ടി. ഓഫീസ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മാനന്തവാടി സബ് ആര്‍.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഫീസിലെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് സിന്ധുവിനെ ഒറ്റപ്പെടുത്തിയിരുന്നതായും ഉദ്യോഗസ്ഥരുടെ മാനസികപീഡനം നേരിട്ടിരുന്നതായും സിന്ധുവിന്റെ സഹോദരന്‍ നോബിള്‍ ആരോപിച്ചു.
ഓഫീസില്‍ എല്ലാവരും ഒറ്റപ്പെടുത്തുന്നതായി അവള്‍ പറഞ്ഞിരുന്നു. ഏറ്റവും വിഷമമുള്ള ഫയലുകളാണ് അവള്‍ക്ക് നല്‍കിയിരുന്നത്. അവള്‍ നോക്കിയ ഫയലുകള്‍ കാണാതായി എന്നെല്ലാം പറഞ്ഞിരുന്നു. എന്താണ് സത്യാവസ്ഥ എന്ന് അറിയില്ല. പ്രശ്നങ്ങളുള്ള ഫയലുകളാണ് തനിക്ക് നല്‍കുന്നത്, ജോലി പോകും എന്നൊക്കെ പറഞ്ഞിരുന്നു.
ചെറുപ്പം മുതല്‍ സിന്ധു പഠിച്ചതെല്ലാം മഠത്തിലാണ്. ദൈവവിശ്വാസവും കൂടുതലാണ്. അവള്‍ കൈക്കൂലിക്ക് എതിരായിരുന്നു. കൈക്കൂലി വാങ്ങുന്നത് പാപമാണെന്ന് അവള്‍ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നു. ഓഫീസിലെ കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നാണ് കരുതുന്നത്- നോബിള്‍ പറഞ്ഞു.
അതേസമയം, സിന്ധുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങളെല്ലാം ജോയിന്റ് ആര്‍.ടി.ഒ. നിഷേധിച്ചു.