മക്ക - വിശുദ്ധ ഹറമിലെ കിംഗ് അബ്ദുൽ അസീസ് കവാടം ഹറംകാര്യ വകുപ്പ് വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുത്തു. വിശുദ്ധ റമദാനിൽ തീർഥാടകരുടെ സൗകര്യം മാനിച്ചാണ് കിംഗ് അബ്ദുൽ അസീസ് കവാടം തുറന്നത്. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആണ് കവാടം ഉദ്ഘാടനം ചെയ്തത്. കിംഗ് അബ്ദുൽ അസീസ് കവാടത്തിൽ ശേഷിക്കുന്ന നിർമാണ ജോലികൾ റമദാനു ശേഷം പൂർത്തിയാക്കും.
അതേസമയം, അഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ബന്ധുക്കൾക്കൊപ്പം വിശുദ്ധ ഹറമിൽ പ്രവേശിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. അഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഉംറ അനുമതിയില്ല. ഇവർക്ക് ബന്ധുക്കൾക്കൊപ്പം ഹറമിൽ നമസ്കാരങ്ങൾ നിർവഹിക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാവുന്നതാണ്. കൊറോണ വൈറസ് ബാധിക്കുകയോ രോഗികളുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാത്ത, അഞ്ചും അതിൽ കൂടുതലും പ്രായമുള്ള കുട്ടികൾക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്കാരങ്ങൾ നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും ഇപ്പോൾ പെർമിറ്റ് ആവശ്യമില്ല. ഉംറ നിർവഹിക്കാനും മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനും മാത്രമാണ് ഇപ്പോൾ മുൻകൂട്ടി പെർമിറ്റുകൾ നേടേണ്ടത്.