കൊച്ചി- എറണാകുളത്ത് ട്രാൻസ് വുമണിന്റെ കൈയിൽ പങ്കാളിയായ ട്രാൻസ്് വുമൺ കർപ്പൂരം കത്തിച്ച് പൊള്ളലേൽപിച്ചു. കൊച്ചി മരോട്ടിച്ചുവട്ടിൽ മൂന്നു മാസം മുമ്പ് നടന്ന സംഭവത്തിലാണ് ട്രാൻസ് വുമൺ പോലീസിൽ പരാതി നൽകിയത്. പ്രേത ബാധയൊഴിക്കാനെന്ന പേരിലാണ് പങ്കാളിയായിരുന്ന അർപ്പിത എന്ന ട്രാൻസ് വുമൺ കൈവെള്ളയിൽ കർപ്പൂരം കത്തിച്ച് പിടിച്ചതെന്ന് പരാതിയിൽ പറയുന്നു. ഹോർമോൺ ചികിത്സയുടെ ഭാഗമായി ഇവർക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ചുകൊണ്ട് ചില ട്രാൻസ് വുമണുകൾ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രവാദം എന്ന പേരിൽ ക്രൂരത ചെയ്തത്. ഏറെ നേരെ കർപ്പൂരം കത്തിച്ച് പിടിച്ചതിനെ തുടർന്ന് ട്രാൻസ് വുമണിന്റെ കൈ വെള്ളയിൽ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
ആശുപത്രിയിൽ പോയാൽ കേസാകുമെന്നതിനാൽ പ്രതിയായ ട്രാൻസ് വുമൺ തന്നെയാണ് പൊള്ളലിനുള്ള മരുന്നു വാങ്ങിത്തന്നത്. എന്നാൽ മുറിവ് ഭേദമാകാതെ വന്നതോടെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സ്വയം പൊള്ളലേൽപിച്ചതാണെന്നാണ് പറഞ്ഞത്. പിന്നീട് പങ്കാളയായ ട്രാൻസ് വുമണുമായി അകൽച്ചയിലായതോടെയാണ് ഇവർ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഭയം മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് അവർ പറഞ്ഞു. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.