റിയാദ്- ആരോഗ്യ, മെഡിക്കൽ ഉപകരണ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ഈ മാസം 11 ന് നിലവിൽവരും. ലബോറട്ടറികൾ, എക്‌സ്‌റേ, ഫിസിയോ തെറാപ്പി, ചികിത്സാ പോഷകാഹാരം എന്നീ തൊഴിലുകളിൽ 60 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്.
ഈ തൊഴിലുകളിൽ സ്വദേശി സ്‌പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7000 റിയാലും ടെക്‌നിഷ്യന്മാരുടെ വേതനം 5000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല.
മെഡിക്കൽ ഉപകരണ മേഖലയിൽ സെയിൽസ്, പരസ്യം, ഉപകരണങ്ങൾ പരിചയപ്പെടുത്തൽ എന്നീ തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 40 ശതമാനവും രണ്ടാം ഘട്ടത്തിൽ 80 ശതമാനവും സൗദിവൽക്കരണമാണ് പാലിക്കേണ്ടത്.
മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എൻജിനീയറിംഗ്, ടെക്‌നിക്കൽ തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 30 ശതമാനവും രണ്ടാം ഘട്ടത്തിൽ 50 ശതമാനവും സൗദിവൽക്കരണം പാലിക്കണം. ഈ മേഖലയിൽ സൗദി എൻജിനീയർമാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും ബാച്ചിലർ ബിരുദ ധാരികളുടെയും മിനിമം വേതനം 7000 റിയാലും ഡിപ്ലോമ ബിരുദധാരികളുടെ മിനിമം വേതനം 5000 റിയാലും ആയും നിർണയിച്ചിട്ടുണ്ട്.